snake

സിഡ്നി: വിവിധ ഇനം ഉരഗങ്ങളെ വിദേശ രാജ്യങ്ങളിലേക്ക് കടത്താനുള്ള ശ്രമം പൊളിച്ച് പൊലീസ്. ഓസ്ട്രേലിയയിൽ നിന്ന് ഹോങ്കോംഗിലേക്ക് കടത്താന്‍ ശ്രമിച്ച 9 കോടിയിലധികം വിപണി മൂല്യമുള്ള വിവിധ ഇനം പല്ലികളെയാണ് പൊലീസ് 'രക്ഷിച്ച് . ന്യൂ സൌത്ത് വെയിൽസ് പൊലീസാണ് 257 പല്ലികളെ കടത്താനുള്ള നീക്കം തടഞ്ഞത്. പ്രാദേശിക ഇനം ജീവികളെ കടത്തുന്നത് തടയാനായി പ്രത്യേകം സജ്ജമാക്കിയ പൊലീസ് സ്ക്വാഡാണ് കണ്ടെത്തലിന് പിന്നിൽ.

9 പാക്കറ്റുകളിലാക്കിയാണ് ഇവയെ കടത്താന്‍ ശ്രമിച്ചത്. ചെറിയ കണ്ടെയ്നറുകളിൽ വളരെ പരിമിതമായ സ്ഥലം മാത്രമുള്ള പാക്കറ്റുകളിലാണ് പല്ലികളെ സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച ലഭ്യമായ രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ പരിശോധനയിലാണ് പല്ലികളെ കണ്ടെത്തിയത്. പല്ലികളെ കടത്തിയതുമായി ബന്ധപ്പെട്ട് 41കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 3 പാമ്പുകളേയും ഈ കൂട്ടത്തിൽ 'രക്ഷിച്ചിട്ടുണ്ട്'. കഴിഞ്ഞ ഏതാനും ആഴ്ചകളുമായി നിരവധി സമാന സംഭവങ്ങളാണ് സിഡ്നിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം സിഡ്നിയിൽ നിന്ന് 118 പല്ലികളേയും മൂന്ന് പാമ്പുകളേയും എട്ട് മുട്ടകളും ചത്ത നിലയിൽ 25 പല്ലികളേയും കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ 31ഉം 59ഉം വയസും പ്രായത്തിനിടയിലുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 15 വർഷത്തോളം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്തരം സംരക്ഷിത ജീവികളുടെ കള്ളക്കടത്ത്.