
മ്യൂണിക്ക്: ക്യാപ്ടനായും കോച്ചായും ജർമ്മനിയെ ലോകചാമ്പ്യൻമാരാക്കിയ, കൈസർ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഫ്രാൻസ് ബെക്കൻബോവർക്ക് കണ്ണീരോടെ വിട ചൊല്ലുകയാണ് ലോകം. ജർമ്മനി ജന്മം നൽകിയെ ഏറ്റവും മികച്ച ഫുട്ബാളറായിരുന്നു ബെക്കൻബോവർ. അറുപതുകളിലും എഴുപതുകളിലും ഫുട്ബാൾ മൈതാനം അടക്കി ഭരിച്ച മഹാപ്രതിഭ. ഗോളടിക്കുന്നവർക്ക് വീരപരിവേഷമുള്ള ഫുട്ബാളിൽ ഗോളുകൾ തടഞ്ഞുകൊണ്ട് ഇതിഹാസമായി മാറുകയായിരുന്നു ബെക്കൻ ബോവർ. ആധുനിക ഫുട്ബാളിൽ സ്വീപ്പർ എന്ന പൊസിഷന്റെ ഉപജ്ഞാതാവാണ് ലോക ഫുട്ബാളിലെ ഏറ്രവും ഭാവനാസമ്പന്നനായ ഈ ഓൾറൗണ്ടർ.
മുന്നേറ്റ നിരക്കാർ മുൻപന്തിയിലുള്ള ബാലോൺ ദി യോർ പുരസ്കാരത്തിന് 1972ലും 1976ലും അവകാശിയായത് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരം എന്ന് വാഴ്ത്തപ്പെടുന്ന ബെക്കൻ ബോവറായിരുന്നു.
മ്യൂണിക്കിലെ മാണിക്യം
1945 സെപ്തംബർ 11ന് ജർമ്മനിയിലെ മ്യൂണിച്ചിലാണ് ഫ്രാൻസ് അന്റോൺ ബെക്കൻബോവറുടെ ജനനം. പ്രമുഖ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിന്റെ അക്കാഡമിയിലൂടെയാണ് കളി തുടങ്ങിയത്. 1964ൽ പത്തൊമ്പതാം വയസിൽ ബയേൺ മ്യൂണിക്കിന്റെ സീനിയർ ടീമിൽ അരങ്ങേറി. 1973-74 സീസൺ മുതൽ തുടർച്ചയായി മൂന്ന് തവണ ബെക്കൻ ബോവറുടെ നേതൃത്വത്തിൽ ബയേൺ മ്യൂണിക്ക് യൂറോപ്യൻ ചാമ്പ്യൻമാരായി. ആ ട്രോഫി ബയേണിന്റെ ഷെൽഫിൽ സ്ഥിരമാവുകയും ചെയ്തും. കണക്കുകൾ പ്രകാരം 13വർഷം നീണ്ട ബയേൺ കരിയറിൽ 427 മത്സരങ്ങളിൽ അദ്ദേഹം കളത്തിലിറങ്ങി. 60 ഗോളുകളും നേടിയിട്ടുണ്ട്. 1977ൽ ബയേണിൽ നിന്ന്
ബ്രസീലിയൻ ഇതിഹാസം പെലെ കളിച്ച ന്യൂയോർക്ക് കോസ്മോസിലേക്ക് ബെക്കൻ ബോവർ ചേക്കേറി. 1977 മുതൽ തുടർച്ചയായി മൂന്നു തവണ കോസ്മോസിനെ സൂപ്പർ ബൗൾ ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1980 മുതൽ 82വരെ മറ്റൊരു ജർമ്മൻ ക്ലബ് ഹാംബുർഗർ എഫ്.സിയിലും കളിച്ചു. അവരെ ഒരുതവണ ബുണ്ടസ് ലിഗ ചാമ്പ്യൻമാരാക്കി. 1983ൽ വീണ്ടുംന്യൂയോർക്ക് കോസ്മോസിൽ എത്തിയ ബെക്കൻ ബോവർ കരിയർ അവസാനിപ്പിക്കുന്നതും അവിടെവച്ചാണ്. ബയേൺ മ്യൂണിക്കിന്റെ പരിശീലകനായെങ്കിലും കളിക്കാരനായി നേടിയ അത്രത്തോളം നേട്ടങ്ങൾ സ്വന്തമാക്കാനായില്ല. ഒരു ബുന്ദസ് ലിഗയും യുവേഫ കപ്പുമാണ് നേടാനായത്.
1965ന് സെപ്തംബർ 26നാണ് വെസ്റ്റ് ജർമ്മനിക്കായി ബെക്കൻബോവർ അരങ്ങേറ്റം കുറിക്കുന്നത്. 1974ൽ വെസ്റ്റ് ജർമ്മനിയെ അവരുടെ രണ്ടാം ലോകിരീടത്തിലേക്ക് നയിച്ചു. 1966ൽ റണ്ണറപ്പായതും 1970ൽ മൂന്നാം സ്ഥാനം നേടിയതുമായ ജർമ്മൻ ടീമുകളിലും അംഗമായിരുന്നു. 1972ൽ യൂറോപ്യൻ ചാമ്പ്യൻമാരായ ജർമ്മൻ ടീമിലും 1976റണ്ണറപ്പായ ടീമിലും സാന്നിധ്യമായിരുന്നു. 1990ൽ ജർമ്മനിയെ പരിശീലകനായും ലോകചാമ്പ്യൻമാരാക്കി.
ജർമ്മൻ ഫുട്ബാളിന്റെ ഭരണ തലത്തിലും കൈസർ വെന്നിക്കൊടി പാറിച്ചു. 2006ൽ ജർമ്മനിക്ക് ലോകകപ്പ്
നടത്താൻ അവകാശം നേടിയെടുക്കകയും ആ ലോകകപ്പിലെ പ്രധാന സംഘാടകനുമായി.
കളിക്കാരനായും പരിശീകനായും ഫുട്ബാൾ ലോകകപ്പ് സ്വന്തമാക്കിയ മൂന്ന് താരങ്ങളിൽ ഒരാളാണ് ബെക്കൻ ബോവർ. ബ്രസീലിന്റെ മരിയോ സഗാലോയും ഫ്രാൻസിന്റെ ദിദിയർ ദെഷാംപ്സുമാണ് മറ്റ് രണ്ട്പേർ. കഴിഞ്ഞ ദിവസമായിരുന്നു സഗാലോ അന്തരിച്ചത്.
രോഗങ്ങൾ അലട്ടി
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മ്യൂണിക്കിലാണ് ബെക്കൻബോവറുടെ അന്ത്യം.
കടുത്ത ഹൃദ്യോഗിയായിരുന്ന ബെക്കൻ ബോവറിനെ നിരവധി രോഗങ്ങൾ അലട്ടിയിരുന്നു.
2016ലും 2017ലും ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.ജർമ്മൻ ദേശീയ വാർത്താ ഏജൻസിയായ ഡി.പി.എയിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെ ബെക്കൻ ബോവറുടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവിട്ടത്. മരണ സമയത്ത് കുടുംബാംഗങ്ങൾ അദ്ദേഹത്തിനടുത്ത് ഉണ്ടായിരുന്നു.