
ചെന്നൈ: 42,700 കോടി രൂപയുടെ വമ്പന്‍ നിക്ഷേപ പദ്ധതികളുമായി അദാനി ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട കരാര്‍ തമിഴ്‌നാട് സര്‍ക്കാരുമായി അദാനി ഗ്രൂപ്പ് തിങ്കളാഴ്ച ഒപ്പിട്ടു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിദ്ധ്യത്തില്‍ സംസ്ഥാനത്ത് നടക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിലാണ് കരാര്‍ ഒപ്പിട്ടത്.
തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആര്‍.ബി രാജയും ചടങ്ങില്‍ പങ്കെടുത്തു.അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനിയും ചടങ്ങില്‍ പങ്കെടുത്തു. ഗ്രീന്‍ എനര്‍ജി, സിറ്റി ഗ്യാസ്, അംബുജ സിമന്റ്‌സ് എന്നിവയിലൂടെയാണ് നിക്ഷേപം നടത്തുക.
24,500 കോടിയുടെ നിക്ഷേപം നടത്തുന്നത് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ആണ്. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുന്ന പമ്പ് സ്റ്റോറേജ് പദ്ധതികള്‍ക്കായിട്ടാണ് ഈ തുക നിക്ഷേപിക്കുന്നത്. 4900 മെഗാവാട്ട് ലക്ഷ്യമിടുന്ന പദ്ധതികള്‍ തെന്‍മല, അല്ലേരി, അലിയാര്‍ എന്നിവിടങ്ങളിലായി 4500ല്‍ അധികം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം തന്നെ സംസ്ഥാനത്ത് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 13200 കോടി രൂപയാണ് ഹൈപ്പര്‍സ്‌കെയില്‍ ഡാറ്റാ സെന്ററിനായി നിക്ഷേപിക്കുന്നത്. ചെന്നൈയിലെ സിപ്കോട്ട് ഐടി പാര്‍ക്കില്‍ 33 മെഗാവാട്ട് ശേഷിയുള്ള ഒരു നൂതന ഡാറ്റാ സെന്റര്‍ പ്രവര്‍ത്തിക്കുന്നു, ഇത് 200 മെഗാവാട്ടായി ഉയര്‍ത്താന്‍ പദ്ധതിയിടുന്നു.
അംബുജ സിമന്റ്സ് ലിമിറ്റഡ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളിലായി 3,500 കോടി രൂപ നിക്ഷേപിച്ച് ഉത്പാദനം 14 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തും മധുക്കരൈ, കാട്ടുപള്ളി, തൂത്തുക്കുടി എന്നിവിടങ്ങളിലായി 5,000-ത്തിലധികം തൊഴിലവസരങ്ങള്‍ ഈ പ്ലാന്റുകള്‍ സൃഷ്ടിക്കും.
അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് എട്ട് വര്‍ഷത്തിനുള്ളില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി 1,568 കോടി രൂപ നിക്ഷേപിക്കും. 180 കോടി രൂപ മുതല്‍മുടക്കില്‍ 100 കിലോമീറ്ററിലധികം പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് ഇത് നിലവില്‍ 5,000 വീടുകളില്‍ പൈപ്പ് ഗ്യാസ് ഉപയോഗിച്ച് സേവനം നല്‍കുന്നുണ്ട്.