
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലദ്വീപ് മന്ത്രിമാർ വിമർശിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ.
ഡൽഹിയിലെ മാലദ്വീപ് സ്ഥാനപതി ഇബ്രാഹിം ഷഹീബിനെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ മാലദ്വീപും വിളിച്ചുവരുത്തി. ഈ വിഷയത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രതികരണം മലയാള സിനിമയിലെ ചില നടീമടന്മാർക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരാണ്. ലക്ഷദ്വീപിലെ ടൂറിസം സാദ്ധ്യതകൾ മെച്ചപ്പെടുത്താൻ അവിടുത്തെ അഡ്‌മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോൾ ഉറഞ്ഞുതുള്ളിയ താരങ്ങളും സാംസ്കാരിക നായകന്മാരും, മാലദ്വീപ് സർക്കാർ ലക്ഷദ്വീപിനും ഇന്ത്യയ്ക്കുമെതിരെ അധിക്ഷേപങ്ങളുമായി ഇറങ്ങിത്തിരിച്ചപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല എന്നാണ് സുരേന്ദ്രന്റെ വിമർശം. ഇവർക്കെല്ലാം ചൈനയുടെ മാസപ്പടി കിട്ടുന്നില്ലെന്നാർക്കറിയാം എന്ന ആരോപണവും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഉന്നയിച്ചു.
കെ സുരേന്ദ്രന്റെ വാക്കുകൾ-
''ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ അവിടുത്തെ അഡ്‌മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോൾ ഉറഞ്ഞുതുള്ളിയ താരങ്ങളും സാംസ്കാരിക നായകന്മാരും മാലിദ്വീപ് സർക്കാർ ലക്ഷദ്വീപിനും ഇന്ത്യയ്ക്കുമെതിരെ അധിക്ഷേപങ്ങളുമായി ഇറങ്ങിത്തിരിച്ചപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല. ഇവർക്കെല്ലാം ചൈനയുടെ മാസപ്പടി കിട്ടുന്നില്ലെന്നാർക്കറിയാം''.
അതേസമയം, പ്രധാനമന്ത്രിക്കെതിരായ പരാമർശമുയർത്തിയ പ്രതിഷേധം രാജ്യത്ത് വ്യാപകമാവുകയാണ്. ടൂർ ഏജൻസികൾ മാല ദ്വീപിലേക്കുള്ള യാത്രകൾ റദ്ദാക്കി. സിനിമാതാരങ്ങളും കായിക താരങ്ങളും പ്രതിഷേധിച്ചു.
മൂന്ന് മന്ത്രിമാർ സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തികരമായ പ്രസ്‌താവന പുറപ്പെടുവിച്ചതിന് പിന്നാലെ ,മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് മറിയം ഷിയുന, മാൽഷ ഷെരീഫ്, മഹ്സൂം മാജിദ് എന്നീ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്‌പെൻഡ് ചെയ്‌തത്.വിദേശ നേതാക്കൾക്കെതിരായ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അത് തങ്ങളുടെ സർക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ പറഞ്ഞു.
ഇന്ത്യ എക്കാലവും മാലദ്വീപിന്റെ നല്ല സുഹൃത്താണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെ പ്രതികൂലമായി ബാധിക്കാൻ ഇത്തരം ക്രൂരമായ പരാമർശങ്ങൾ ഇടയാക്കരുതെന്നും മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞു. പ്രസ്‌താവന മാലദ്വീപുകാരുടെ നിലപാടായി കരുതരുതെന്നും, രാജ്യം ഇന്ത്യയുമായുള്ള സൗഹൃദം ആഗ്രഹിക്കുന്നുവെന്നും മുൻ ഡെപ്യൂട്ടി സ്പീക്കർ ഇവാ അബ്ദുള്ള പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരായ പ്രസ്‌താവനയിൽ പ്രതിഷേധിച്ച് ഇന്ത്യക്കാർ ബുക്ക് ചെയ്‌ത യാത്രകൾ കൂട്ടത്തോടെ റദ്ദാക്കുന്നത് ടൂറിസം മുഖ്യ വരുമാനമായ മാലദ്വീപിന് കനത്ത പ്രഹരമായി. 'മാലദ്വീപിനെ ബഹിഷ്കരിക്കുക' എന്ന ഹാഷ്‌ടാഗിൽ സമൂഹമാദ്ധ്യമങ്ങളിൽ വൻ പ്രചാരണമാണ്. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ മാലദ്വീപ് വിമാന ബുക്കിംഗും താത്കാലികമായി നിറുത്തിവച്ചതായി ഈസ് മൈ ട്രിപ്പ് സഹസ്ഥാപകനും സി.ഇ. ഒയുമായ നിശാന്ത് പിറ്റി അറിയിച്ചു. മുൻകൂട്ടി ബുക്കു ചെയ്‌തവർ മാലദ്വീപ് സന്ദർശനം റദ്ദു ചെയ്യുകയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ പ്രസിഡന്റ് രാജീവ് മെഹ്‌റ അറിയിച്ചു. രണ്ടു ദിവസമായി മാലദ്വീപിലെ ടൂറിസം സാദ്ധ്യതകളെക്കുറിച്ച് ആരും അന്വേഷിക്കുന്നുമില്ല.
വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് അടുത്ത് കിടക്കുന്ന ദ്വീപ് രാഷ്‌ട്രം. ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2023ൽ മാലദ്വീപ് സന്ദർശിച്ചവരിൽ കൂടുതലും ഇന്ത്യക്കാരാണ്(2,09,198).