
ചണ്ഡീഗഡ്: ചൗധരി ദേവിലാൽ സർവകലാശാലയിലെ പ്രൊഫസർക്കെതിരെ ലൈംഗിക പീഡന പരാതിയുമായി ഹരിയാനയിലെ സിർസയിൽ നിന്നുള്ള അഞ്ഞൂറ് വിദ്യാർത്ഥിനികൾ. പ്രൊഫസറെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മുഖ്യമന്ത്രി എം എൽ ഖട്ടറിനും കത്തയച്ചു.
പരാതിയുടെ കോപ്പികൾ വൈസ് ചാൻസലർ ഡോ. അജ്മീർ സിംഗ് മാലിക്കിനും ഹരിയാന ഗവർണർ ആർ ബന്ദാരു ദത്താത്രേയയ്ക്കും, ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജിക്കും,ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമയ്ക്കും,മാദ്ധ്യമങ്ങൾക്കും അയച്ചിട്ടുണ്ട്.
വൃത്തികെട്ടതും അശ്ലീലവുമായ പ്രവൃത്തികൾ പ്രൊഫസറുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് വിദ്യാർത്ഥിനികളുടെ ആരോപണം. 'പ്രൊഫസർ വിദ്യാർത്ഥിനികളെ ഓഫീസിലേക്ക് വിളിപ്പിക്കുകയും, അവരെയും കൊണ്ട് ടോയ്‌ലറ്റിൽ പോകുകയും ചെയ്യുന്നു. സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച്, അശ്ലീലമായ പല കാര്യങ്ങളും ചെയ്യുന്നു. ഞങ്ങൾ പ്രതിഷേധിച്ചപ്പോൾ വളരെ മോശം പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.'- എന്നാണ് കത്തിലുള്ളത്.
തങ്ങളെ സഹായിക്കുന്നതിന് പകരം പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് വൈസ് ചാൻസലർ ചെയ്തതെന്നും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. പ്രൊഫസർ വലിയ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്ന് പറഞ്ഞ് ആരോപണങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
ഈ അശ്ലീലത മാസങ്ങളായി തുടരുകയാണെന്നും പരാതിയിൽ പറയുന്നു. സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യൂണിവേഴ്സിറ്റിയിലെത്തി പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
നാണക്കേട് ഭയന്ന് തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് തീരുമാനിച്ചതായി കത്തിൽ പറയുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. അതേസമയം, അജ്ഞാത കത്ത് ലഭിച്ചതായി സർവകലാശാല രജിസ്ട്രാർ ഡോ രാജേഷ് കുമാർ ബൻസാൽ സ്ഥിരീകരിച്ചിട്ടുണ്ട്.