crime

പനാജി: നാല് വയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ വനിതാ വ്യവസായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 39കാരിയായ സുചന സേത്ത് ആണ് പൊലീസിന്റെ കസ്റ്റഡിയിലായത്. മൃതദേഹമടങ്ങിയ ബാഗുമായി നോർത്ത് ഗോവയിൽ നിന്ന് ബംഗളൂരുവിലേയ്‌ക്ക് ടാക്‌സിയിൽ മടങ്ങവെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാവിലെയാണ് ഇവർ ഗോവയിൽ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്തത്. കുഞ്ഞിനൊപ്പം ശനിയാഴ്ച എത്തിയ ഇവർ ഒറ്റയ്‌ക്ക് മടങ്ങുന്നത് കണ്ട് ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നിയിരുന്നു. മാത്രമല്ല, ഫ്ലൈറ്റ് ടിക്കറ്റ് കുറഞ്ഞ ചെലവിൽ ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്‌സി തന്നെ വേണമെന്ന് ഇവർ റിസപ്‌ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. സുചന ഇറങ്ങിയ ശേഷം മുറി വൃത്തിയാക്കാനായി എത്തിയ സ്റ്റാഫാണ് രക്തക്കറ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച ശേഷം കർണാടക പൊലീസിന് സന്ദേശം കൈമാറി. കർണാടക ചിത്രദുർഗ ജില്ലയിലെ ഐമംഗല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സ്ത്രീയെ കസ്റ്റഡിയിലെടുത്തത്.

ചിത്രദുർഗ പൊലീസ് കാർ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗിൽ കുത്തിനിറച്ച നിലയിൽ കണ്ടെത്തിയത്. സുചനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനായി ഗോവയിലേക്ക് കൊണ്ടുപോകാൻ പൊലീസ് സംഘം കഴിഞ്ഞ ദിവസം തന്നെ കർണാടകയിൽ എത്തിയിരുന്നു. കൊലപാതകത്തിന്റെ കാരണം എന്താണെന്നത് ഇതുവരെ കണ്ടെത്താനായില്ല.