
കാസർകോട് : ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഭൂരിഭാഗത്തിനും നൈജീരിയൻ ബന്ധമെന്ന് അന്വേഷണ സംഘം കാസർകോട് ജില്ലയിൽ അന്വേഷണ ഘട്ടത്തിലുള്ള 57 കേസുകളുടെയും ഐ.പി അഡ്രസ് നൈജീരിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളാണെന്ന് സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
പത്ത് തരത്തിലുള്ള രീതികളിലാണ് സംഘം ഓൺലൈൻ വഴി പണം തട്ടുന്നതെന്ന് സൈബർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പരസ്യം നൽകിയും വാട്സപ്പ്, ടെലഗ്രാം തുടങ്ങിയവ വഴി ബന്ധപ്പെട്ടുമാണ് ആദ്യത്തേത്. ഓൺലൈൻ ട്രേഡിംഗ് നടത്തി പണം ഉണ്ടാക്കാൻ സഹായിക്കുമെന്നാണ് വാഗ്ദാനം. വാഗ്ദാനങ്ങൾ നല്കി പണം അയപ്പിക്കുകയാണ് സംഘത്തിന്റെ രീതി.
വർക്ക് ഫ്രം ഹോം, ഓൺലൈൻ ജോബ് തുടങ്ങിയ വാഗ്ദാനങ്ങളിൽ വീഴുന്ന ഇരകൾ ടാസ്‌ക്കുകൾ കംപ്ലീറ്റ് ചെയ്യുക, ഓൺലൈൻ റിവ്യൂ എന്നിവയ്ക്ക് വേണ്ടിയാണ് പണം അയച്ചുതുടങ്ങുന്നത്. ഒ എൽ എക്സ് പോലുള്ള സൈറ്റുകളിലും ഫേസ്‌ബുക്കിന്റെ മാർക്കറ്റ് പ്ലേസ് പോലുള്ള ഇടങ്ങളിലും എസ്.യു.വികൾ, ഓല സ്‌കൂട്ടറുകൾ സോഫ മറ്റീരിയലുകൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ പരസ്യങ്ങൾ പോസ്റ്റ് ചെയ്ത് സാധനം അയക്കാതെ പണം വാങ്ങുന്ന രീതിയും അന്വേഷണസംഘം സ്ഥിരീകരിച്ച തട്ടിപ്പുരീതികളാണ്.
കസ്റ്റമർ കെയറിലും തട്ടിപ്പ്
വൻകിട കമ്പനികളുടെ കസ്റ്റമർ കെയർ നമ്പറുകൾ എന്ന വ്യാജേന തട്ടിപ്പുകാർ അവരുടെ ഫോൺ നമ്പറുകൾ പണം നല്കി പരസ്യം ചെയ്യുന്നു. കസ്റ്റമർ കെയർ നമ്പറുകൾ സെർച്ച് ചെയ്ത് തട്ടിപ്പുകാരെ വിളിക്കുന്ന ഇരകളെ ലിങ്ക് അയച്ചു കൊടുത്തു അതിൽ ക്ലിക്ക് ചെയ്യിച്ചുമാണ് പണം തട്ടിയെടുക്കുന്നത്.
കാനഡ പോലുള്ള വിദേശ രാജ്യങ്ങളിൽ ജോലി, പഠനം തുടങ്ങിയവ വാഗ്ദാനം ചെയ്ത് വിസ, വിമാന ടിക്കറ്റ്, വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ കാരണങ്ങളിലൂടെയും തട്ടിപ്പുസംഘം പണം കൈക്കലാക്കുന്നതായും സൈബർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
തട്ടിപ്പിന്റെ മറ്റ് വഴികൾ
ചെറിയ പലിശയ്ക്ക് പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്ത് പ്രോസസ്സിംഗ് ഫീസ്, സെക്ക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പണം തട്ടിയെടുക്കുന്നു.
ബാങ്ക് വായ്പ ഓഫർ നൽകി ഇരകളുടെ ഒ. ടി. പി അടക്കമുള്ള വിവരങ്ങൾ കൈക്കലാക്കി അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്യുന്നു.
 വിദേശികളായ ഡോക്ടർ, ബിസിനസ്സുകാർ തുടങ്ങിയവരുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഇരകളുമായി സൗഹൃദം സ്ഥാപിച്ചും ഗിഫ്റ്റ് ഓഫർ നൽകിയും പണം അയപ്പിക്കുന്നു.
റിമോട്ട് ആക്സസിംഗ് ആപ്പ്ളികേഷനുകൾ ഇൻസ്റ്റാൾ ചെയ്യിച്ചും ബാങ്കിംഗ് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുന്നു.
ലോട്ടറി ലക്കി ഡ്രോ തുടങ്ങിയവയിൽ സമ്മാനങ്ങൾ അടിച്ചതായി തെറ്റിദ്ധരിപ്പിച്ച് പണം അയപ്പിക്കുന്നു.
ഓൺലൈൻ തട്ടിപ്പ് കേസുകളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത് തട്ടിപ്പുകാർ വ്യാജവിലാസത്തിൽ നേടിയ മൊബൈൽ നമ്പറുകൾ, സ്പൂഫ് ചെയ്ത ഐപി അഡ്രസ്സുകൾ, ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്ന സോഷ്യൽ മീഡിയ അക്കൌണ്ടുകൾ, വ്യാജ വിലാസത്തിൽ നേടിയ ബാങ്ക് അക്കൌണ്ടുകൾ തുടങ്ങിയവയാണ് ഈ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് എന്നാണ്. വിലാസങ്ങൾ ചെന്നെത്തുന്നത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നൈജീരിയ പോലുള്ള വിദേശ രാജ്യങ്ങളിലുമാണ്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.-പി. നാരായണൻ ( ഇൻസ്‌പെക്ടർ കാസർകോട് സൈബർ പൊലീസ് സ്റ്റേഷൻ കാസർകോട് )