
അപ്പയുടെ ജീവിതത്തിൽനിന്ന് ഞാൻ പകർത്തിയത് ലാളിത്യം ആണ്.
എത്ര ഉന്നത നിലയിൽ എത്തിയാലും ഒന്നും നമ്മുടെ കൈയിലല്ല. അപ്പ അതിനെ ദൈവികമായ രീതിയിൽ സമീപിക്കുമ്പോൾ ഞാൻ ഒരു സാധാരണ മനുഷ്യനെപോലെ കാണുന്നു എന്ന് മാത്രം. യേശുദാസിന്റെ മകൻ എന്ന വിലാസം ഏറ്റവും കൂടുതൽ ഗുണം തന്നെയാണ് തന്നത്.
ദോഷമായി കണ്ടാൽ മാത്രമേ അങ്ങനെ മാറുന്നുള്ളൂ. ചിന്താഗതിപോലെയായിരിക്കും ഗുണവും ദോഷവും. തുടക്കകാലത്ത് എനിക്ക് നിരാശ അനുഭവപ്പെട്ടു. പിന്നെ അതിനെ പോസിറ്റീവായി മാറ്റാൻ സാധിച്ചു. ഇതെല്ലാം അപ്പയിൽനിന്ന് പഠിച്ചതാണ്. അച്ഛനും ഗുരുവും ഒരാൾ തന്നെയാകുന്നത് നല്ലതാണ്.
അതിന്റേതായ കാർക്കശ്യമുണ്ട്. അത് നല്ലതു തന്നെ.ആധികാരികമായി സാവധാനത്തിൽ ചിട്ടയോടെ പാടിയാൽ മാത്രമേ അപ്പ എന്ന ഗുരു തൃപ്തനാകൂ. അതുകാരണം ഞാനും കുറെ കാര്യത്തിൽ മികവ് പുലർത്താൻ ആത്മാർത്ഥ ശ്രമം നടത്തുന്നു.
ശബ്ദത്തെ ചിട്ടയോടെ കാത്തുസൂക്ഷിക്കാൻ അപ്പ ശ്രദ്ധിക്കുന്ന കാര്യങ്ങളെ പിന്തുടരാതെ വരുമ്പോൾ, എപ്പോഴെങ്കിലും ഐസ് ക്രീമോ ചോക്ളേറ്റോ കഴിക്കുന്നത് കണ്ടാൽ, അമിതമായി വ്യായാമം ചെയ്താൽ, സാധകം മുടങ്ങിയാൽ വഴക്ക് പറയാതെ അപ്പ വിമർശിക്കാറുണ്ട്. ഇപ്പോഴും ശബ്ദം നന്നായി കൊണ്ടുപോകുന്നത് എങ്ങനെ എന്ന് അപ്പയോടുതന്നെ ചോദിക്കണം. പാട്ടിൽ മുഴുകി ആസ്വദിച്ച് പാടാനാണ് ഞാൻ ശ്രമിക്കുക. ശബ്ദം നന്നാവണമെന്ന് ചിന്തിക്കാറുണ്ട്. എന്നാൽ അപ്പ വലിയ ശ്രദ്ധയും കണിശതയും സമർപ്പണവും നടത്തുന്നു. അതേപോലെ പുതിയ കാലത്ത് ഒരു ഗായകന് സാധിക്കില്ല. മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.ശബ്ദത്തിന് വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യാതെ ഞാൻ കൊണ്ടുപോകുന്നു.
എട്ട് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ചതാണ് ഏറ്റവും വലിയ ബഹുമതിയായി ഞാൻ കാണുന്നത്. അത് റെക്കോർഡാണ്.
എന്നാൽ ആളുകള് വന്നു അപ്പയുടെ കാര്യം അന്വേഷിക്കുമ്പോഴും സ്നേഹം അറിയിക്കണമെന്ന് പറയുമ്പോഴും അപ്പ എന്റെ മാത്രം സ്വന്തമല്ലെന്ന തോന്നൽ അനുഭവപ്പെടാറുണ്ട്. ഞങ്ങൾക്കുകൂടി സ്വന്തം എന്ന ചിന്തയിലാണ് അവർ സംസാരിക്കുന്നത്. അത് നല്ല ഒരു അനുഭവമാണ്.അപ്പോൾ ആരാധനയായി മാറും.