
മദ്രാസിന് ഒരു പ്രത്യേകതയുണ്ട്. ആദ്യം വരുന്ന ആരെയും പനി പിടിപ്പിച്ച് കിടത്തും. 1961 നംവബർ 14ന് ആദ്യ സിനിമയിൽ പാടാൻ ആദ്യമായി മദ്രാസിൽ എത്തിയ യേശുദാസിനും പനി പിടിച്ചു. ഇനി ''ഇവനെക്കൊണ്ട് പാടിക്കാൻ പറ്റുമോ...സംവിധായകനും നിർമ്മാതാവിനും സംശയമായി . കേരളത്തിൽനിന്ന് ഇത്രയും ദൂരം വന്നിട്ട് ഒരു പാട്ട് പാടിക്കാതെ വിടരുതെന്ന അഭിപ്രായമുയർന്നു. ആ പനി യേശുദാസിന് അനുഗ്രഹമായി . മറ്റേതോ പാട്ടാണ് പാടിക്കാനിരുന്നത്. യേശുദാസിനെ നിരാശനാക്കി പറഞ്ഞുവിടാതിരിക്കാനായി ഒരു നാലുവരി ശ്ളോകം പകരം പാടിപ്പിച്ചു.
'' ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത് "
ശ്രീനാരായണ ഗുരുദേവന്റെ ശ്ളോകം. ഭരണി സ്റ്റുഡിയോയിൽ യേശുദാസ് ആ ശ്ളോകം പാടിത്തീർന്നപ്പോൾ സംഗീത സംവിധായകൻ എം.ബി. ശ്രീനിവാസൻ പറഞ്ഞു:''നല്ല റിഹേഴ്സൽ നടത്തി പാട്ട് പാടിക്കാം." ഒറ്റ ടേക്കിൽ യേശുദാസിന്റെ ആദ്യത്തെ പാട്ട് റെക്കോഡ് ചെയ്തു. ഭരണി സ്റ്റുഡിയോയിലെ സൗണ്ട് എൻജിനിയറായിരുന്ന കോടീശ്വര റാവുവിനോട് എം.ബി. ശ്രീനിവാസൻ ചോദിച്ചു: ''ശബ്ദം എങ്ങനെയുണ്ട്?"
കോടീശ്വര റാവുവിന്റെ മറുപടി കേൾക്കാൻ യേശുദാസ് ശ്വാസമടക്കി നിന്നു. കോടീശ്വര റാവു മോശമാണെന്ന് പറഞ്ഞാൽ പാട്ട് നിറുത്തി കേരളത്തിലേക്ക് വണ്ടി കയറുകയേ നിവൃത്തിയുള്ളൂ. തുടക്കം കുറിച്ചദിവസം തന്നെ ഒടുക്കവും സംഭവിക്കും.
പത്തുവർഷം കഴിഞ്ഞ് പറയാം എന്നായിരുന്നു കോടീശ്വര റാവുവിന്റെ മറുപടി. യേശുദാസ് തരിച്ചുനിന്നുപോയി.
പത്തുവർഷം ഒരു കുഴപ്പവുമില്ലാതെ യേശുദാസിന് സംഗീത രംഗത്ത് നിൽക്കാനാവുമെന്നായിരുന്നു കോടീശ്വര റാവു ഉദ്ദേശിച്ചത്. പത്തുവർഷമല്ല, പതിറ്റാണ്ടുകളായി യേശുദാസ് നിലനിൽക്കുന്നു. ഒരേയൊരു ഗാന ഗന്ധർവനായി.