വീടുകളിൽ ഐശ്വര്യവും പോസിറ്റീവ് ഊർജവും നിറഞ്ഞ് നിൽക്കാൻ വേണ്ടിയാണ് ദിവസവും വിളക്ക് കൊളുത്തുന്നത്. രണ്ട് നേരം വിളക്ക് തെളിക്കുന്നതും വളരെ നല്ലതാണ്. വിളക്ക് കൊളുത്തിയ ശേഷം ദിവസവും പത്ത് മിനിട്ടെങ്കിലും എല്ലാവരും പ്രാർത്ഥിക്കണം. ഈ സമയത്ത് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. വിളക്ക് കൊളുത്തുമ്പോൾ ഇവ ചെയ്താൽ ഗുണത്തേക്കാളേറെ ദോഷം സംഭവിക്കുമെന്നാണ് വിശ്വാസം. വിളക്ക് കൊളുത്തുമ്പോൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.
വൃത്തിയും ശുദ്ധിയുമുള്ള വസ്ത്രം ധരിച്ച് വേണം വിളക്ക് കൊളുത്താൻ.
വിളക്ക് പ്രകാശിക്കുന്ന സമയത്ത് ഉറക്കെ സംസാരിക്കാൻ പാടില്ല.
ഈ സമയത്ത് ഭക്ഷണം കഴിക്കുക ഉറങ്ങുക തുണി അലക്കുക എന്നീ കാര്യങ്ങൾ ഒഴിവാക്കുക.
നെഗറ്റീവായിട്ടുള്ള കാര്യങ്ങൾ സംസാരിക്കരുത്.
പൂജാമുറി ഇല്ലാത്ത വീടുകളിൽ ഉമ്മറത്ത് വേണം വിളക്ക് തെളിക്കാൻ.
പുഷ്പങ്ങൾ, ഇല എന്നിവ ഉപയോഗിച്ചോ ഊതിയോ വിളക്ക് കെടുത്താൻ പാടില്ല. പകരം എണ്ണയിലേയ്ക്ക് തിരി വലിച്ചിട്ട് വേണം കെടുത്താൻ.
തുളസി, മഞ്ഞൾ അല്ലെങ്കിൽ ഉപ്പ് വെള്ളത്തിൽ കലർത്തി തളിച്ചിട്ട് വേണം അവിടെ വിളക്ക് തെളിക്കാൻ.
ഒരു തിരിയിട്ട് വിളക്ക് തെളിക്കരുത്. രണ്ട് അല്ലെങ്കിൽ അഞ്ച് തിരിയിട്ട് വിളക്ക് കൊളുത്തുന്നതാണ് ഉത്തമം.
നെയ്യ് അല്ലെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
ആരും ചവിട്ടാത്ത ഇടത്ത് വേണം ഉപയോഗിച്ച് കഴിഞ്ഞ തിരി കളയാൻ. വലിച്ചെറിയാനോ വീട്ടിൽ സൂക്ഷിക്കാനോ പാടില്ല.