dhwaja-dhand

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കുന്ന ജനുവരി 22ലേയ്ക്ക് ഉറ്റുനോക്കിയിരിക്കുകയാണ് രാജ്യം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠയായ രാംലല്ലയെ (ബാലനായ രാമൻ) ഒരുനോക്ക് കാണാനുള്ള കാത്തിരിപ്പിലാണ് ഏറെ നാളായി ഭക്തർ. 51 ഇഞ്ച് ഉയരമുള്ള ശ്യാമവർണത്തിലുള്ള രാംലല്ലയാണ് ക്ഷേത്രത്തിലെ പ്രധാന ആകർഷണം. ക്ഷേത്രത്തിന്റെ നിർമാണവും ഏവരെയും അമ്പരപ്പിക്കുന്ന തരത്തിലാണ്. അതേസമയം, ഇതിനെല്ലാം പുറമെ മറ്റൊരു വിസ്‌മയം കൂടി ക്ഷേത്രത്തിൽ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ത്യ കണ്ട ഏറ്റവും ഉയരം കൂടിയതും ഭാരം കൂടിയതുമായ കൊടിമരങ്ങളുടെ പട്ടികയിലേയ്ക്ക് ഒന്നുകൂടി എത്തുകയാണ്. അയോദ്ധ്യ ക്ഷേത്രത്തിലെ കൂറ്റൻ കൊടിമരമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പ്രതിഷ്ഠാച്ചടങ്ങിന് മുന്നോടിയായി ഇന്നലെതന്നെ കൊടിമരം അയോദ്ധ്യയിലെത്തിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ജനുവരി അഞ്ചിനാണ് ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചത്. ജനുവരി 22ന് പ്രതിഷ്ഠാച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കാവി കൊടി കൊടിമരത്തിൽ സ്ഥാപിക്കുമെന്നും വിവരമുണ്ട്.

സവിശേഷതകൾ

44 അടി ഉയരവും 5500 കിലോഗ്രാം ഭാരവും 9.5 ഇഞ്ച് വ്യാസവുമാണ് 'ധ്വജ സ്‌തംഭ്' എന്നറിയപ്പെടുന്ന കൊടിമരത്തിനുള്ളത്. പിച്ചള കൊണ്ടാണ് കൊടിമരം പൂർണമായും നിർമിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രധാന നിർമിതിയുടെ മുകളിലായാണ് ഇത് സ്ഥാപിക്കുന്നത്. ധ്വജ ദണ്ഡ് എന്നാണ് ഇതിന്റെ മറ്റൊരു പേര്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ശ്രീ അംബിക എഞ്ചിനീയറിംഗ് വർക്ക്‌സ് ആണ് കൊടിമരം നിർമിച്ചത്. പുരാതന ഹിന്ദു വേദങ്ങളുടെ അടിസ്ഥാനത്തിലാണ് കൊടിമരം ഡിസൈൻ ചെയ്തിരിക്കുന്നത്. 450 കിലോ ഭാരമുള്ള പ്രത്യേക രഥത്തിലാണ് ധ്വജ സ്‌തംഭ് അയോദ്ധ്യയിൽ എത്തിച്ചത്.

ഒരു ക്ഷേത്രത്തിന്റെ പ്രധാന ആകർഷണമാണ് കൊടിമരം എന്നാണ് കരുതുന്നത്. പ്രപഞ്ചത്തെ ശ്രീകോവിലുമായി ബന്ധിപ്പിക്കുന്നതാണ് കൊടിമരമെന്ന് ശ്രീ അംബികാ എഞ്ചിനീയറിംഗ് വർക്ക്‌സിന്റെ മാനേജിംഗ് ഡയറക്‌ടർ ഭരത് മേവാഡ പറയുന്നു.

'ക്ഷേത്രത്തിലെത്തുന്നവർക്ക് പോസിറ്റീവ് എനർജി പ്രദാനം ചെയ്യുക എന്നതാണ് കൊടിമരത്തിന്റെ പ്രധാന ധർമ്മം. ലോകത്തിന്റെ അച്ചുതണ്ടായും ഭൂമിക്കും സ്വർഗത്തിനും ഇടയിലുള്ള തൂണായും കൊടിമരത്തെ കണക്കാക്കപ്പെടുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി നിർമിച്ച കൊടിമരം അതുല്യമാണ്. ഇത്തരത്തിലൊന്ന് ആദ്യമായാണ് രൂപപ്പെടുത്തിയത്. സ്ഥാപനത്തിന്റെ 81 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊന്ന് നിർമിക്കുന്നത്. ശുദ്ധമായ പിച്ചള ഉപയോഗിച്ചിരിക്കുന്നത്. മറ്റ് ലോഹങ്ങളൊന്നും ഇതിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടില്ല. ശിൽപ്പ ശാസ്‌ത്രത്തിൽ നിഷ്‌കർഷിക്കുന്ന കാര്യങ്ങൾ പരിഗണിച്ചാണ് ധ്വജ ദണ്ഡ് നിർമിച്ചിരിക്കുന്നത്'- മേവാഡ വ്യക്തമാക്കി.