arif-mohammad

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി കാണിച്ചു. ഇടുക്കി തൊടുപുഴയിലാണ് സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന 'കാരുണ്യം' വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ തൊടുപുഴയിലെത്തിയത്. ഡി വെെ എഫ് ഐ,​എസ് എഫ് ഐ,​ യൂത്ത് ഫ്രണ്ട് എം പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.

അച്ഛൻകവല,​ വെങ്ങല്ലൂർ,​ ഷാപ്പുപടി എന്നിവിടങ്ങളിലും കരിങ്കൊടി കാണിച്ചു. പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഗവർണറുടെ പരിപാടി നടക്കുന്ന മർച്ചന്റ് അസോസിയേഷൻ ഹാളിലേക്ക് ഡി വെെ എഫ് ഐ പ്രവർത്തകർ പ്രകടനമായി എത്തിയിരുന്നു. ഇതും പൊലീസ് തടഞ്ഞു.

ഇടുക്കി ജില്ലയിൽ എൽ ഡി എഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാൻ ഇവിടെ എത്തിയത്. ഗവർണറെ തടയില്ലെന്ന് എൽ ഡി എഫ് ഇടുക്കി ജില്ലാ കൺവീനർ കെ കെ ശിവരാമൻ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ് എഫ് ഐ നേരത്തെ അറിയിച്ചിരുന്നു. ഗവർണർക്കെതിരെ എസ് എഫ് ഐ പ്രവർത്തകർ കറുത്ത ബാനർ ഉയർത്തി. ഭൂപതിവ് നിയമഭേദഗതിബില്ലിൽ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് ഇടുക്കിയിൽ ഹർത്താൽ നടത്തുന്നത്.