
തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ 5511 ജീവനക്കാർക്കും വീട് വയ‌്ക്കുന്നതിനുള്ള സ്ഥലത്തിനുള്ള പട്ടയം അനുവദിച്ച് ക്ഷേത്രം ട്രസ്‌റ്റ്. പദ്ധതിയുടെ ആദ്യഘട്ടം ഡിസംബർ 28നും അവസാനഘട്ടം ഇന്നലെയുമാണ് പൂർത്തിയായത്. 90 വർഷത്തിനിടെ ആദ്യമായാണ് ഈ ഉദ്യമം നടത്താൻ കഴിഞ്ഞതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതർ അറിയിച്ചു. ടിടിഡി ചെയർമാൻ ബി. കരുണാകർ റെഡ്ഡി, എക്‌സിക്യൂട്ടീവ് ഓഫീസർ എ.വി ധർമ്മ റെഡ്ഡി എന്നിവരാണ് പട്ടയവിതരണം നിർവഹിച്ചത്.
വടമലപേട്ട് മണ്ഡലിലെ പടിരേഡു ആരണ്യം ഗ്രാമത്തിൽ 400 ഏക്കറും യെർപ്പേഡു മണ്ഡലിലെ പഗാലിയിൽ 350 ഏക്കറുമാണ് ജീവനക്കാർക്ക് വീട് നിർമ്മിക്കുന്നതിനായി പട്ടയം അനുവദിച്ച് നൽകിയത്. ഒരു ഏക്കറിന് മൂന്ന് മുതൽ നാല് കോടി വരെയാണ് ഇവിടുത്തെ മാർക്കറ്റ് വില. 250 കോടിരൂപയാണ് തിരുപ്പതി ട്രസ്‌റ്റ് ഇതിനായി വിനിയോഗിച്ചത്. ആന്ധ്രാപ്രദേശ് സർക്കാർ പദ്ധതിക്കായി സബ്‌സിഡി അനുവദിക്കുകയും ചെയ്‌തിരുന്നു.

400 സ്ക്വയർ യാർഡ് വിസ്‌തീർണമുള്ള സ്ഥലത്തിന്റെ മാർക്കറ്റ് വില 40 ലക്ഷം രൂപയാണ്. എന്നാൽ വെറും മൂന്ന് ലക്ഷം രൂപയ‌്ക്കാണ് ജീവനക്കാർക്ക് അനുവദിച്ചത്. ആദ്യഘട്ടത്തിൽ 3518 പേർക്കും, രണ്ടാം ഘട്ടത്തിൽ 1703 പേർക്കുമാണ് പട്ടയം നൽകിയത്.