rahul-mamkoottathil

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന നടത്തണമെന്ന് കോടതി. വിശദമായ മെഡിക്കൽ പരിശോധന നടത്തണമെന്നാണ് നിർദേശം. ഇതുപ്രകാരം രാഹുലിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

വഞ്ചിയൂർ കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുലിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നേരത്തെ ഫോർട്ട് ആശുപത്രിയിലാണ് രാഹുലിനെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. ജാമ്യഹർജിയിൽ ഇന്ന് തന്നെ വിധിയുണ്ടായേക്കും.

രാഷ്ട്രീയ പ്രതിഷേധമാണ് നടന്നതെന്നും പൊലീസുകാരെ ആക്രമിച്ചത് രാഹുൽ അല്ലെന്നും പ്രതിഭാഗം വാദിച്ചു. സമാധാനപരമായിട്ടായിരുന്നു പ്രതിഷേധമെങ്കിൽ കൈയിൽ പട്ടിക എന്തിനായിരുന്നുവെന്ന് കോടതി ചോദിച്ചു.


ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. പ്രതിഷേധമല്ല ആക്രമണമാണ് നടന്നതെന്നും രാഹുൽ ആക്രമണത്തിന് പ്രോത്സാഹനം നൽകിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. സംഭവം നടക്കുമ്പോൾ രാഹുൽ സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഇന്ന്‌ പുലർച്ചെ പത്തനംതിട്ടയിലെ വീട്ടിൽനിന്നാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. പൊലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമാണ് കേസ്.

സംഘംചേർന്ന് അക്രമം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്കുപുറമേ പൊലീസ് ആക്ടിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് രാഹുലിനെതിരെ കേസെടുത്തത്.

അതേസമയം, രാഹുലിന്റെ അറസ്‌റ്റിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്. വനിതാ നേതാക്കളടക്കം പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങളിൽ പലയിടങ്ങളിലും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.