1

കുട്ടികളും മുതിർന്നവരും ഒരുപോലെ കാത്തിരിക്കുന്ന സമയമാണ് വേനലവധിക്കാലം. പഠനത്തിന്റെയും ജോലിയുടെയും തിരക്കുകളിൽ നിന്ന് മാറി കുടുംബത്തിന് വേണ്ടി എല്ലാവരും മാറ്റിവയ്‌ക്കുന്ന സമയമാണത്. കൂടുതൽപേരും യാത്രകൾ പോകാനുള്ള തിരക്കിലായിരിക്കും. കുടുംബസമേതമുള്ള യത്രകളാകുമ്പോൾ സുരക്ഷിതത്വം ഏറെ അനിവാര്യമായ കാര്യമാണ്. ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് യാത്ര പോകാൻ പ്ലാൻ ചെയ്യുന്നവർ ആദ്യം തെരയുന്നത് ഒരു ഗൈഡിനെ ആയിരിക്കും. അതിനാൽ തന്നെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഏറ്റവും കൂടുതൽ പണം സമ്പാദിക്കാൻ കഴിയുന്ന ജോലിയും ഒരു ടൂർ ഗൈഡിന്റേത് തന്നെയാണ്.

കൊവിഡിന് ശേഷം

കൊവിഡിൽ എല്ലാ മേഖലയും എന്നപോലെ തന്നെ ടൂറിസം മേഖലയും തകർന്നടിഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഉപജീവനമാർഗം പോലും മുട്ടിച്ച കൊവിഡിന്റെ പിടിയിൽ നിന്നും നമ്മളിപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. അതിനാൽ തന്നെ വൻ കുതിപ്പാണ് വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ കൊല്ലം അനുഭവപ്പെട്ടത്. ഈ വർഷവും വിനോദസഞ്ചാര മേഖല റെക്കോർഡ് ഉയർച്ച കൈവരിക്കുമെന്നാണ് നിഗമനം. ടൂറിസം രംഗത്ത് ഈ വർഷത്തെ സാമ്പത്തിക വളർച്ച 80-90 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് യുഎൻഡബ്ല്യുടിഒ (യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ) പറയുന്നത്.

2

വിവിധ തരം യാത്രകൾ

ഭൂരിഭാഗം പേരും കുടുംബസമേതമുള്ളതും ചെലവ് ചുരുങ്ങിയതുമായ യാത്രയാണ് ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ നിങ്ങൾ ഒരു ടൂർ ഗൈഡായി ജോലി നോക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചെലവ് ചുരുങ്ങിയതും മനോഹരവുമായ സ്ഥലങ്ങളിലേയ്‌ക്കുള്ള യാത്രകൾക്ക് പ്രാധാന്യം നൽകുക. വ്യത്യസ്തമായ യാത്രകൾ ഒരുക്കുമ്പോഴാണ് നിങ്ങൾക്ക് ഏറെ വരുമാനം സ്വന്തമാക്കാൻ കഴിയുന്നത്.

ഗൈഡുകളുടെ ശ്രദ്ധയ്‌ക്ക്

ഫ്ലൈറ്റ്, ട്രെയിൻ, ബസ് എന്നിവയിലാണ് യാത്രയെങ്കിൽ ടിക്കറ്റ് നിരക്കുകൾ കുറഞ്ഞിരിക്കുന്ന സമയത്ത് ബുക്ക് ചെയ്യുക. പോകുന്ന ഓരോ സ്ഥലത്തും താമസ സൗകര്യം ഒരുക്കുമ്പോൾ ഹോട്ടലുകളുമായി ബന്ധം പുലർത്തുക. ഇത് നിങ്ങൾക്ക് പിന്നീടുള്ള യാത്രകളിൽ കമ്മീഷൻ കിട്ടാനും ചെലവ് കുറയ്‌ക്കാനും സഹായിക്കുന്നു. ഇത് നിങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഒന്നാണ്. പുതുതായി ഒരു സ്ഥലത്ത് പോകുമ്പോൾ നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ കണ്ടെത്തി വയ്‌ക്കുക. നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെ താമസ സൗകര്യം ഒരുക്കുകയാണെങ്കിൽ വളരെ നല്ലതായിരിക്കും. 'tourhq.com' പോലുള്ള സൈറ്റുകൾ നോക്കിക്കഴിഞ്ഞാൽ ഓരോ സ്ഥലങ്ങളും യാത്ര ചെയ്യുന്നവർക്ക് വേണ്ട ഗൈഡുകളും ലഭിക്കുന്നതാണ്. 35,000ത്തോളം ടൂർ ഗൈഡുകളാണ് ഈ സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.

3

സ്ഥലങ്ങൾ

ഇന്ത്യയ്‌ക്കുള്ളിൽ തന്നെ അമൃത്‌സർ, പ്രയാഗ്‌രാജ്, പുരി, കാശ്‌മീർ, മണാലി, മുസ്സൂറി, ഋഷികേശ്, കൂർഗ്, ഡാർജിലിംഗ്, ഷില്ലോംഗ്, മൂന്നാർ തുടങ്ങി നിരവധി സ്ഥലങ്ങളുണ്ട്. വിദേശ രാജ്യങ്ങൾ നോക്കുകയാണെങ്കിൽ ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ, ഹോങ്കോംങ്, സിംഗപ്പൂർ, വിയറ്റ്‌നാം, ദുബായ്, ഫുക്കറ്റ്, ബാങ്കോക്ക് തുടങ്ങിയ സ്ഥലങ്ങളും വിനോദസഞ്ചാരികൾക്ക് പറ്റിയതാണ്. കാലാവസ്ഥ അനുസരിച്ച് വേണം സ‌ഞ്ചാരികളെ ഓരോ സ്ഥലത്തേക്കും കൊണ്ടുപോകാൻ. മാത്രമല്ല, അവിടെ എത്തുമ്പോൾ ഓരോ സ്ഥലങ്ങൾ സന്ദർശിക്കാനും എത്ര രൂപ ചെലവാകും എന്നതിന്റെ ടിക്കറ്റ് നിരക്കുകൾ ഉൾപ്പെടെ സഞ്ചാരികളെ മുൻകൂട്ടി അറിയിക്കുക. ഒരു യാത്രയ്‌ക്ക് പൂർണമായും എത്ര രൂപ ചെലവ് വരും എന്നത് മുൻകൂട്ടി അറിയിക്കാൻ വിട്ടുപോകരുത്. കയ്യിൽ കരുതേണ്ട സാധനങ്ങളെ കുറിച്ചും നിങ്ങൾ വ്യക്തമായ ധാരണ ഉണ്ടാക്കി കൊടുക്കേണ്ടതാണ്.

ഭാവി

ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾ വർദ്ധിച്ച് വരാൻ സാദ്ധ്യതയുള്ളതിനാൽ ഇതും നിങ്ങൾക്ക് വരുമാനമാക്കി മാറ്റാം. കൂടാതെ കാലാവസ്ഥ അനുസരിച്ച് ഓരോ സ്ഥലത്തേക്കുമുള്ള യാത്രകൾ പ്ലാൻ ചെയ്താൽ നിങ്ങൾക്ക് വർഷത്തിലുടനീളം വരുമാനം ലഭിക്കുന്നതാണ്.