student

എന്റെ മകന് അല്ലെങ്കിൽ മകൾക്ക് പരീക്ഷയിൽ മാർക്ക് വളരെ കുറവാണെന്ന് പറഞ്ഞ് നിരാശപ്പെടുന്ന നിരവധി മാതാപിതാക്കളുണ്ട്. മാർക്ക് കുറഞ്ഞാൽ മക്കളെ തല്ലുന്ന രക്ഷിതാക്കളുമേറെയാണ്. എന്നാൽ എന്തുകൊണ്ടാണ് കുട്ടി പഠനത്തിൽ പിന്നിലായതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

ഓരോ കുട്ടിയും പഠിക്കുന്നത് ഓരോ രീതിയിലായിരിക്കും. ചിലർ കാര്യങ്ങൾ മനസിലാക്കുന്നത് ക്ലാസ്‌മുറിയിൽ നിന്നാണെങ്കിൽ മറ്റുചില കുട്ടികൾ ചുറ്റുപാടുകളിൽ നിന്നാണ് പഠിക്കുന്നത്. പഠനത്തിൽ നിന്ന് കുട്ടിയുടെ ശ്രദ്ധമാറാൻ നിരവധി കാരണങ്ങൾ ഉണ്ട്.


ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) അല്ലെങ്കിൽ സമാനമായ അവസ്ഥകൾ മൂലം പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കാത്ത കുട്ടികളുണ്ട്. ഉത്കണ്ഠ, വിഷാദം അല്ലെങ്കിൽ പെരുമാറ്റ വൈകല്യങ്ങൾ പോലുള്ള പ്രശ്നങ്ങളും ചിലപ്പോൾ നിങ്ങളുടെ കുട്ടിയെ അലട്ടിയേക്കാം. മക്കൾക്കൊപ്പം ചേർന്നുനിന്ന് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുക.

ക്ലാസ് മുറികൾ തന്നെ ചിലപ്പോൾ പഠനത്തെ ബാധിച്ചേക്കാം. ഇരിപ്പിടവും, ക്ലാസ്‌മുറിയിലെ വെളിച്ചവും, ബഹളവുമൊക്കെ കുട്ടികളുടെ പഠനത്തെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. മിക്ക രക്ഷിതാക്കളും ചിന്തിക്കാത്ത ഒരു കാര്യമാണിത്. ക്ലാസിലെ പ്രശ്നങ്ങൾ കുട്ടി വന്ന് പറയുമ്പോൾ അത് ഗൗരവത്തിലെടുക്കണം.


ആരോഗ്യപരമായ പ്രശ്നങ്ങളും, ഉറക്കക്കുറവും, ഭക്ഷണത്തിലെ പ്രോട്ടീന്റെ കുറവുമൊക്കെ കുട്ടി പഠനത്തിൽ പിന്നോട്ടാകാൻ കാരണമാകുന്നു. തലവേദനയാണെന്നും വയറുവേദനയാണെന്നുമൊക്കെ കുട്ടികൾ പറയുമ്പോൾ സ്‌കൂളിൽ പോകാനുള്ള മടി കൊണ്ടാണെന്ന് കരുതി അവഗണിക്കുന്ന രക്ഷിതാക്കളുണ്ട്.


മിക്ക രക്ഷിതാക്കൾക്കും അറിയുന്നത് തന്നെയാണ് അടുത്ത കാരണം. മൊബൈലിന്റെയോ, ടാബ്‌ലെറ്റിന്റെയോ, കമ്പ്യൂട്ടറിന്റെയോ ഒക്കെ മുന്നിൽ കൂടുതൽ സമയം ചെലവിടുന്നതും കുട്ടിയുടെ പഠനത്തിലുള്ള ശ്രദ്ധയെ ബാധിക്കും. മാതാപിതാക്കൾ തമ്മിലുള്ള വഴക്കും, മാനസിക പിന്തുണ നൽകാത്തതുമൊക്കെ കുട്ടിയുടെ വിദ്യാഭ്യാസത്തെ ബാധിക്കും.