
ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതോടെ രാജ്യാന്തരതലത്തിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ ദ്വീപിനെ പുകഴ്ത്തി ചിത്രങ്ങൾ സഹിതം എക്സിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ചിത്രങ്ങൾ വൈറലായതോടെ ലക്ഷദ്വീപിന് ടൂറിസം രംഗത്ത് വലിയ ആഗോള ശ്രദ്ധ നേടിക്കൊടുത്തു. മാലദ്വീപിലെ ടൂറിസത്തിന് ലക്ഷദ്വീപ് ഭീഷണിയാകുമെന്ന ചർച്ചകളും പിന്നാലെ ഉയർന്നു. ഇതോടെയാണ് ലക്ഷദ്വീപ് മന്ത്രിമാർ നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് പോസ്റ്റുകൾ പങ്കുവച്ചു തുടങ്ങിയത്.
പോസ്റ്റുകൾ വിവാദമായതോടെ മാലദ്വീപ് സർക്കാർ തങ്ങളുടെ മൂന്ന് മന്ത്രിമാരെ പുറത്താക്കി. എന്നാൽ കാര്യങ്ങൾ അവസാനിച്ചില്ല. ഒട്ടേറെ ഇന്ത്യക്കാർ മാലദ്വീപിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. പിന്നാലെ ബോളിവുഡ് താരങ്ങളടക്കം ലക്ഷദ്വീപിന് പിന്തുണയുമായി എത്തി. ഇതോടെ ഇന്ന് ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരയുന്നത് ലക്ഷദ്വീപിന്റെ സൗന്ദര്യത്തെ കുറിച്ചാണ്.
ഇനി വരുന്ന നാളുകളിൽ 20,000 കോടിയുടെ നിക്ഷേപമാണ് ലക്ഷദ്വീപ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. മാലദ്വീപ് മാതൃകയിൽ ലക്ഷദ്വീപ് ടൂറിസം മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ ഇനിയുള്ള ദിവസങ്ങളിൽ സാധിച്ചേക്കും. എന്നാൽ ലക്ഷദ്വീപിനെ കുറിച്ച് ആരും അറിയാത്ത ചില കഥകളുണ്ട്. സൗന്ദര്യവും സ്ഥാനം കൊണ്ടും ഇന്ത്യയുടെ തന്ത്രപ്രധാനമായ ഭാഗമാണ് ലക്ഷദ്വീപ്. ഈ ലക്ഷദ്വീപിനെ സ്വാതന്ത്ര്യ സമരകാലത്ത് പിടിച്ചെടുക്കാൻ പാകിസ്ഥാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉരുക്കുമനുഷ്യനും എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിന്റെ രാഷ്ട്രീയ തന്ത്രമാണ് ലക്ഷ്വദ്വീപിനെ ഇന്ത്യയുടെ ഭാഗമാക്കിയത്.
സ്വാതന്ത്ര്യ കാലത്തെ കടുപ്പമേറിയ ദൗത്യം
1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയ്ക്ക് മുന്നിൽ കടുപ്പമേറിയ ദൗത്യമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യാ ഉപഭൂഖണ്ഡം നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഇവ ഇന്ത്യൻ യൂണിയനിൽ ചേരാൻ താൽപര്യപ്പെട്ടിരുന്നില്ല. ഈ സമയത്ത് സർദ്ദാർ വല്ലഭായി പട്ടേൽ നാട്ടുരാജ്യങ്ങളിലെ അധികാരികളെ നേരിട്ട് കാണാൻ തീരുമാനിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ചേർന്നാലും രാജകുടുംബങ്ങളുടെ യശസ് നിലനിൽക്കുമെന്ന് വാക്ക് കൊടുത്തു. സർദാർ വല്ലഭായി പട്ടേലിന്റെ ഈ രാഷ്ട്രീയ തന്ത്രം രാജ്യം എക്കാലത്തും ഓർമ്മിക്കപ്പെടും.
ലക്ഷദ്വീപിന്റെ കാര്യത്തിൽ സംഭവിച്ചത്
സ്വാതന്ത്ര്യ സമര കാലത്ത് ലക്ഷദ്വീപ് ബ്രിട്ടീഷ് അധീനതയിലായിരുന്നു. അന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിഭജന പ്രക്രിയ എത്ര സങ്കീർണ്ണമായിരുന്നാലും അതിന്റെ അടിസ്ഥാനം മതം മാത്രമായിരുന്നു. ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള ലക്ഷദ്വീപിൽ അന്ന് തന്നെ പാകിസ്ഥാന് ഒരു കണ്ണുണ്ടായിരുന്നു. എന്നാൽ ദക്ഷിണേന്ത്യൻ മലബാർ തീരത്തോട് അടുത്തുകിടക്കുന്ന ഒരു ദ്വീപായിരുന്നു ലക്ഷദ്വീപ്.
ലക്ഷദ്വീപിന്റെ രാഷ്ട്രീയ പ്രധാന്യം മനസിലാക്കിയ സർദാർ വല്ലഭായി പട്ടേൽ ഒരു കപ്പൽ നിറയെ സുരക്ഷ ഉദ്യോഗസ്ഥരെ ദ്വീപിലേക്ക് അയക്കാൻ ദക്ഷിണേന്ത്യയിലെ അധികാരികളോട് നിർദ്ദേശിച്ചു. ദ്വീപുകളുടെ അവകാശം നേടിയെടുക്കാൻ പാകിസ്ഥാനും ഒരു കപ്പൽ അയച്ചെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ ആദ്യം എത്തിയ ഇന്ത്യൻ സുരക്ഷ ഉദ്യോഗസ്ഥർ ദ്വീപിൽ ത്രിവർണപതാക ഉയർത്തുകയായിരുന്നു. ഇതോടെ പാക് കപ്പലിന് മടങ്ങേണ്ടി വന്നെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.