
സുൽത്താൻബത്തേരി: മലപ്പുറം അഴിഞ്ഞിലത്ത് പ്രവർത്തിക്കുന്ന വി.എ.ബി കോസ്‌മെറ്റിക്സ് സ്ഥാപനത്തിന്റെ മറവിൽ സാനിറ്റൈസർ നിർമിക്കാനെന്ന വ്യാജേന സംസ്ഥാനത്തേക്ക് കടത്തിയ സ്പിരിറ്റ് കേസിൽ ഒളിവിലായിരുന്ന പ്രതികളിൽ ഒരാൾ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി പുളിയഞ്ചാലി വീട്ടിൽ പി.സി. അജ്മൽ (35)നെയാണ് അസി. എക്‌സൈസ് കമ്മിഷണർ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തത്. സ്പിരിറ്റ് പിടികൂടി രണ്ടര വർഷത്തിനുശേഷമാണ് ഒരാളെങ്കിലും പിടിയിലാകുന്നത്. നോട്ടീസ് നൽകിയിട്ടും ഹാജരാകത്തിനെ തുടർന്ന് സ്ഥാപനത്തിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു. സംഭവത്തിൽ മുഖ്യപ്രതിയായ മുഹമ്മദ് ബഷീർ പിടിയിലാകാനുണ്ട്. കൊവിഡ് കാലം 2021 മെയ് ആറിനാണ് പൊൻകുഴിയിൽ നിറുത്തിയിട്ടിരുന്ന കണ്ടെയിനർ ലോറിയിൽ നിന്ന് സംസ്ഥാനത്തേക്ക് കടത്തിയ 11034. 400 ലിറ്റർ സ്പിരിറ്റ് എക്‌സൈസ് പിടികൂടിയത്. രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്‌ക്വാഡ് സി.ഐ സജിത് ചന്ദ്രന്റെ നേൃത്വത്തിലുള്ള സംഘം സ്പിരിറ്റ് പിടിച്ചെടുത്തത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്ന് അസി. കമ്മിഷണർ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ് റ്റിഗേഷൻ ടീം അന്വേഷണം ആരംഭിച്ചത്. വി.എ.ബി കോസ്‌മെറ്റിക്സ് എന്ന സ്ഥാപനത്തിന്റെ മറവിൽ സാനിറ്റൈസർ നിർമിക്കാനെന്ന വ്യാജേനയാണ് സ്പിരിറ്റ് കടത്തികൊണ്ടുവന്നത്. മൈസൂർ കൊപ്പം ഭാഗത്തെ എൻ.എസ്.എൽ ഷുഗേർസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും കൊറോണ സമയത്ത് സാനിറ്റൈസർ നിർമിക്കാനെന്ന പേരിൽ ഡ്രഗ് ഡിപ്പാർട്ട്‌മെന്റിന്റെ ലൈസൻസ് ഉപയോഗിച്ചാണ് സ്പിരിറ്റ് ലഭ്യമാക്കി കടത്തി കൊണ്ടുവന്നത്. ഒന്നാംപ്രതിയായ മുഹമ്മദ് ബഷീറും പിടിയിലായ രണ്ടാംപ്രതി പി.സി അജ്മലും നേരിട്ട് ഇടപ്പെട്ടാണ് സ്പിരിറ്റ് കൊണ്ടുവന്നത്. എന്നാൽ മുഹമ്മദ് ബഷീർ വിദേശത്തും സ്വദേശത്തും ഒളിവിൽ കഴിഞ്ഞുവരുകയാണെന്ന് സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ മറ്റൊരു പാർട്ടണറുമായി വാഹിദ് വിദേശത്ത് ദീർഘകാലമായി ജോലി ചെയ്തുവരുകയുമാണ്. ഇയാൾക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം സംഘം പരിശോധിച്ചുവരുകയാണ്. ഇവരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്നും മുഖ്യപ്രതിയെ പിടികൂടുന്നതിന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. സൈബർ സെൽ പ്രിവന്റീവ് ഓഫീസർ എം.സി ഷിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുഷാന്ത്, സനൂപ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജ മോൾ എന്നിവരുൾപ്പെടുന്നതാണ് അന്വേഷണ സംഘം.