കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിൽ കൊച്ചിയിലെ മാത്യു സൺസ് റിക്രൂട്ട്മെന്റ് ഏജൻസി ഉടമകളുടെയും ബിസിനസ് പങ്കാളികളുടെയും 2.88 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കൂടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒമ്പത് റസിഡൻഷ്യൽ/ബിസിനസ് സമുച്ചയങ്ങൾ, നാല് ഫിക്സഡ് ഡെപ്പോസിറ്റുകൾ, അഞ്ച് ടേം ഡെപ്പോസിറ്റുകൾ എന്നിവയാണ് കണ്ടുകെട്ടിയത്. നേരത്തേ 7.52 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
വിദേശജോലി തേടുന്ന നഴ്സുമാരിൽ നിന്ന് നൂറിരട്ടി വരെ പണം വാങ്ങിയ കേസിലാണ് നടപടി. സർക്കാർ നിശ്ചയിച്ച ഫീസ് 20,000 രൂപ മാത്രമായിരുന്നു.
പ്രതികളായ പി.ജെ. മാത്യു, തോമസ് മാത്യു, സെലീൻ മാത്യു, ജോസഫ് മാത്യു, മഹ്‌മൂദ് നൈന പ്രഭു, സുലൈഹ ഉമുൽ മുഹമ്മദ് നൈന, എൽ. അഡോൾഫസ് എന്നിവർക്കും മുനവറ അസോസിയേറ്റ്സ്, മാത്യു സൺസ് ടൂർസ് ആൻഡ് ട്രാവൽസ്, ഹൈടെക് ബിസിനസ് സർവീസസ്, ബ്ലാക് പാന്തർ സെക്യൂരിറ്റി സർവീസസ് എന്നീ സ്ഥാപനങ്ങൾക്കുമെതിരേയാണ് നടപടി. അഴിമതി നിരോധന, ഇമിഗ്രേഷൻ നിയമങ്ങൾ പ്രകാരം പ്രതികൾക്കെതിരേ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ ചുവടുപിടിച്ചാണ് ഇ.ഡി കേസെടുത്തത്. രാജൻ വർഗീസ്, ബിൻസി ജോസഫ് എന്നിവരും കൂട്ടുപ്രതികളാണ്.
പി.ജെ. മാത്യുവിനേയും കൂട്ടുപ്രതികളേയും കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം എറണാകുളത്തെ പ്രത്യേക കോടതിയുടെ പരിഗണനയിലാണ്. കേരളത്തിലും മുംബയിലുമായി നടന്ന തട്ടിപ്പിൽ അന്വേഷണം തുടരുകയാണെന്നും ഇ.ഡി. പത്രക്കുറിപ്പിൽ അറിയിച്ചു.