
കോട്ടയം : വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് ഒന്നരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് മാനേജർ അറസ്റ്റിൽ. പുതുപ്പള്ളി ഏറികാട് മന്നാപറമ്പിൽ വീട്ടിൽ റെജി (41) നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കളത്തിപ്പടയിലെ സ്വകാര്യ ബാങ്കിൽ മാനേജരായി ജോലി ചെയ്തിരുന്ന ഇയാൾ കളത്തിപ്പടിയിൽ താമസിക്കുന്ന ബാങ്കിൽ അക്കൗണ്ടുള്ള വൃദ്ധ ദമ്പതികളിൽ നിന്ന് ഒരുകോടി 62 ലക്ഷത്തി 25,000 രൂപ തട്ടിയെടുക്കുകയായിരുന്നു. മുൻപ് ഇതേ ബാങ്കിന്റെ ഏറ്റുമാനൂർ ശാഖയിലെ മാനേജരായിരുന്നു ഇയാൾ. ഈ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയ വിദേശത്ത് താമസിച്ചു വന്നിരുന്ന ഇവരുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കളത്തിപ്പടി ബ്രാഞ്ചിലേക്ക് സ്ഥലംമാറിയപ്പോൾ ഇവർ വിദേശത്തുള്ള മക്കൾക്ക് പണം അയക്കുന്നതിനായി മാനേജരെ സമീപിക്കുകയും, ഇയാൾ വിവിധ കാരണങ്ങൾ പറഞ്ഞ് ചെക്കുകളും, ഡെബിറ്റ് ഓതറൈസേഷൻ ലെറ്ററുകളും കൈക്കലാക്കുകയുമായിരുന്നു. ഇത് ദുരുപയോഗം ചെയ്ത് 2021 മുതൽ 2023 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ 22 ലക്ഷം രൂപ ദമ്പതികൾക്ക് തിരികെ നൽകിയെങ്കിലും ബാക്കി നൽകിയില്ല. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ യു.ശ്രീജിത്ത് അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.