പൊലീസ് നടപടി ഫലപ്രദമാകുന്നില്ല
അഞ്ചാലുംമൂട്: അഞ്ചാലുമൂട്ടിലും പരിസര പ്രദേശങ്ങളിലും ലഹരി സംഘങ്ങൾ വ്യാപകമാകുന്നതായി പരാതി.
തൃക്കരുവ, അഷ്ടമുടി,അഞ്ചാലുംമൂട്, അഷ്ടമുടി വടക്കേക്കര, മണലിക്കട, കുന്നുംപുറം, കരുവ, ഓലിക്കര, കാഞ്ഞാവെളി, ഷാപ്പ് മുക്ക് ഭാഗങ്ങളിൽ ലഹരി ഉപയോഗം വർദ്ധിച്ചിട്ടും പൊലീസ് നടപടിയും പരിശോധനകളും ഫലപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം. ലഹരി സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങൾ മൂലം ഇവിടങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങളും വർദ്ധിച്ചു വരികയാണ്.
അഷ്ടമുടി, അഞ്ചാലുംമൂട് സ്കൂളിനോട് ചേർന്നുള്ള പ്രദേശത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി സംഘങ്ങൾ തമ്പടിക്കാറുണ്ടെന്നും ഇതിനെതിരെ എക്സൈസിലും പൊലീസിലും പരാതിപ്പെട്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. കരുവ- അഷ്ടമുടി, അഞ്ചാലുംമൂട്-കടവൂർ ഭാഗങ്ങളിൽ എക്സൈസ് പരിശോധന നടത്താറുണ്ടെങ്കിലും ലഹരി സംഘങ്ങളുടെ സ്വൈര്യവിഹാരത്തിന് ഒരു കുറവുമില്ല.
അഷ്ടമുടി, കരുവ, കാഞ്ഞാവെളി, പ്രാക്കുളം, അഞ്ചാലുംമൂട് ഭാഗങ്ങളിൽ നിന്ന് ജോലികഴിഞ്ഞ് രാത്രിയിൽ സ്ത്രീകൾ സഞ്ചരിക്കുന്ന വഴിയിൽ ലഹരി സംഘങ്ങൾ തമ്പടിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇവരെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.