
ഓംലെറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുമെന്നതിനാൽ പാചകം അധികം അറിയാത്തവർ പോലും ഓംലെറ്റ് ഉണ്ടാക്കാറുണ്ട്. മസാലകളും സവാളയും തക്കാളിയുമൊക്കെ ചേർത്ത് ഓംലെറ്റ് തയ്യാറാക്കുന്നവരുണ്ട്. അല്ലാതെ പ്ളെയിൻ ഓംലെറ്റ് ഇഷ്ടപ്പെടുന്നവരുമുണ്ട്. ഇപ്പോഴിതാ ഇന്റർനെറ്റ് ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു ഓംലെറ്റ് റീലുകളിൽ പ്രത്യക്ഷപ്പെടുകയാണ്.
പാർലെ- ജി ബിസ്‌കറ്റിനോട് പ്രിയമില്ലാത്ത ഇന്ത്യക്കാർ കുറവായിരിക്കും. പ്രത്യേകിച്ച് 90കളിലെ തലമുറയ്ക്ക് പാർലെ ബിസ്‌കറ്റിനോട് പ്രത്യേകതരം അടുപ്പവും ഉണ്ട്. എന്നാൽ പാർലെ- ജി ബിസ്‌കറ്റും ഓംലെറ്റും ഒന്നിച്ച് കഴിക്കുന്നത് ചിന്തിക്കാനാവുമോ? അത്തരത്തിലൊരു വിഭവമാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്.
ഫുഡ് ബങ്ക് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വൈറൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു തെരുവ് കച്ചവടക്കാരൻ ആണ് ഞെട്ടിക്കുന്ന കോംബിനേഷന്റെ സൃഷ്ടാവ്. ആദ്യം ഒരു ബൗളിൽ രണ്ട് മുട്ട പൊട്ടിച്ച് ഒഴിച്ചതിനുശേഷം അതിൽ ചെറുതായി അരിഞ്ഞ സവാള, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഇത് ബട്ടർ തടവിയ ഒരു പാനിലേയ്ക്ക് ഒഴിക്കുന്നു. ഇതുവരെ കുഴപ്പമില്ലായിരുന്നു. ഇതിനുശേഷമാണ് വീഡിയോയിൽ ട്വിസ്റ്റ് ഉണ്ടാവുന്നത്.
ഓംലെറ്റിന് മുകളിലായി ഇയാൾ പാർലെ- ജി ബിസ്‌കറ്റുകൾ അടുക്കി വയ്ക്കുന്നു. ശേഷം മുകളിലായി വെണ്ണ ചേർത്ത്, ബിസ്‌കറ്റ് ഉരുകി തുടങ്ങുമ്പോൾ ഓംലെറ്റ് രണ്ടായി മടക്കി വിഭവം പ്ളേറ്റിലാക്കി വിളമ്പുന്നു. ഓംലെറ്റിനൊപ്പം ഒരു പാർലെ- ജി ബിസ്‌കറ്റ് പായ്ക്കറ്റും സോസും വച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ വലിയ വിമർശനമാണ് ഉയരുന്നത്. പുതിയ കോംബിനേഷനെ നിരവധി പേർ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു.