തിരുവനന്തപുരം: വൃദ്ധരോട് സംസാരിക്കാനും പ്രശ്‌നങ്ങൾ കേൾക്കാനുമുള്ള മാനസികാവസ്ഥ കുടുംബാംഗങ്ങൾക്കില്ലാത്തത് ഗൗരവമേറിയ പ്രശ്‌നമാണെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു.

ജവഹർ ബാലഭവനിൽ നടന്ന ദ്വിദിന ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. അദാലത്തിൽ ഗാർഹികപീഡന പരാതികളായിരുന്നു കൂടുതൽ. വിവാഹേതര ബന്ധങ്ങൾ സംബന്ധിച്ച പരാതികളും ലഭിച്ചു.
സ്ത്രീകൾ നിഷ്ഠുരമായ ഗാർഹിക പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്. പൊലീസ് സ്‌റ്റേഷനുകളിലെത്തിയാലും കുടുംബബന്ധങ്ങളെന്ന നിലയിൽ ഒത്തുതീർപ്പാകുന്നു. ഭാര്യയെ തല്ലാനുള്ള അവകാശമുണ്ടെന്ന പുരുഷന്മാരുടെ ധാരണ വിചിത്രമാണെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.
അംഗങ്ങളായ ഇന്ദിരാ രവീന്ദ്രൻ,വി.ആർ.മഹിളാമണി,പി.കുഞ്ഞായിഷ,എലിസബത്ത് മാമ്മൻ മത്തായി എന്നിവർ കേസുകൾ തീർപ്പാക്കി. ഡയറക്ടർ ഷാജി സുഗുണൻ,സി.ഐ ജോസ് കുര്യൻ,എസ്‌.ഐ അനിത റാണി,അഭിഭാഷകരായ സോണിയ സ്റ്റീഫൻ,രജിത റാണി,എസ്.സിന്ധു,സൂര്യ,സരിത,കൗൺസിലർ ശോഭ എന്നിവർ പങ്കെടുത്തു.
400 കേസുകൾ പരിഗണിച്ചതിൽ 80 കേസുകൾ തീർപ്പാക്കി. ഒമ്പത് കേസുകൾ റിപ്പോർട്ടിനും മൂന്ന് കേസുകൾ കൗൺസലിംഗിനും അയച്ചു. 308 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി.