
മുംബയ്: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ (55) അന്തരിച്ചു. ക്യാൻസർ ബാധിച്ച് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ സ്ട്രോക്ക് വന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിത്തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതോടെ ദിവസങ്ങൾക്ക് മുൻപ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ഉത്തർപ്രദേശിലെ ബദായൂമിൽ ജനിച്ച റാഷിദ് ഖാൻ അമ്മാവനായ ഉസ്താദ് നിസ്റ്റാർ ഹുസെെൻ ഖാനിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ അനന്തരവന്‍ കൂടിയാണ് റാഷിദ് ഖാന്‍. 11-ാം വയസിലാണ് റാഷിദ് ഖാൻ ആദ്യ സംഗീതക്കച്ചേരി നടത്തിയത്. 14-ാം വയസിൽ കൊൽക്കത്തയിലെ ഐടിസി സംഗീത അക്കാദമിയുടെ ഭാഗമായി. കർണാടിക്, ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീതങ്ങളെ സമന്വയിപ്പിച്ച് അദ്ദേഹം സംഗീത പരിപാടികൾ അവതരിപ്പിച്ചു. 2022ൽ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. സോമ ഖാൻ ആണ് ഭാര്യ.