anulal

തിരുവനന്തപുരം:അർദ്ധരാത്രി മാരക ആയുധങ്ങളുമായി കുന്നുകുഴി പൂച്ചെടിവിള കോളനിയിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ വീടും കുടുംബവീടും വാഹനങ്ങളും അടിച്ചു തകർത്ത് തീയിട്ട കേസിലെ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂച്ചെടിവിള കോളനിയിലെ അനുലാലിനെയാണ് (24) മ്യൂസിയം പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ പിടിയിലായ ബിജുലാലിന്റെ മകനാണ് അനുലാൽ.

കത്തിക്കുത്ത് അടക്കമുള്ള കേസുകളിൽ പ്രതിയാണ് അനുലാലെന്ന് പൊലീസ് പറഞ്ഞു.ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.നിഖിൽ,അഖിൽലാൽ എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.സംഘത്തിലുണ്ടായിരുന്ന പത്തോളം പേർ പിടിയിലാകാനുണ്ട്.

ബിജുലാലിന്റെ വളർത്തുനായ മനുവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് വീടാക്രമണത്തിലെത്തിയത്. മനുവിന്റെ പരാതിയിലും കുടുംബവീട്ടിൽ താമസിക്കുന്ന മനുവിന്റെ അച്ഛന്റെ സഹോദരന്റെ ഭാര്യ സുചിത്രയുടെ പരാതിയിലും രണ്ട് കേസുകൾ പൊലീസ് എടുത്തിട്ടുണ്ട്. അതിനിടെ,​ മനു വേണുഗോപാലിന്റെ സമീപത്തെ വീട്ടിലെ ചെടിച്ചട്ടിയിൽ നിന്ന് ഏറുപടക്കം പൊലീസ് കണ്ടെടുത്തു. അക്രമികൾ ഉപേക്ഷിച്ചതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ചും കേസെടുത്തിട്ടുണ്ട്.