വിഴിഞ്ഞം: വിഴിഞ്ഞം പെട്രോൾ പമ്പിൽ പൊലീസിന് നേരെ ആക്രമണം. പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരന്റെ യൂണിഫോം വലിച്ചുകീറിയ പ്രതി മറ്റൊരു പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്‌തു.

ഇന്നലെ സന്ധ്യയോടെ വിഴിഞ്ഞത്തുണ്ടായ സംഭവത്തിൽ മണലി സ്വദേശി വിജയകുമാറിനെയാണ് (42) വിഴിഞ്ഞം പൊലീസ് പിന്തുടർന്ന് പിടികൂടിയത്. വിഴിഞ്ഞം ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിൽ ബൈക്കിലെത്തിയ പ്രതി ടോയ്ലെറ്റിൽ കയറി. അരമണിക്കൂറിലേറെ കഴിഞ്ഞും പുറത്തുകാണാതെ വന്നതോടെ ജീവനക്കാർ ശ്രദ്ധിച്ചു. ഇതിനിടെ വനിതാ ജീവനക്കാരിലൊരാൾ ടോയ്ലെറ്റിൽ കയറാനെത്തിയപ്പോൾ പുറത്തിറങ്ങിയ പ്രതി ഇവരെ ആക്രമിക്കാൻ ശ്രമിച്ചെന്നും വാതിൽ ചവിട്ടി കേടുവരുത്തിയെന്നും പൊലീസ് പറഞ്ഞു.

പൊലീസെത്തുന്നതിനിടെ ഇരുവരും വാഹനത്തിൽ രക്ഷപ്പെട്ടു. ഇരുവരും സമീപത്തെ മറ്റൊരു പെട്രോൾ പമ്പിൽ ബഹളമുണ്ടാക്കുന്നതിനിടെ സ്ഥലത്തെത്തിയ പൊലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ വിജയകുമാർ സി.പി.ഒ ഷിനു ജോണിന്റെ (43) യൂണിഫോം വലിച്ചു കീറുകയും മറ്റൊരു സി.പി.ഒ അഭിലാഷിനെ (40) ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ഇയാളെ കീഴ്പ്പെടുത്തി വൈദ്യപരിശോധനയ്‌ക്ക് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ അവിടുത്തെ ഡോക്‌ടർമാരുൾപ്പെടെയുള്ളവർക്ക് നേരെ അസഭ്യവർഷം നടത്തിയെന്ന് എസ്.ഐ ജി.വിനോദ് പറഞ്ഞു. കൂടെയുണ്ടായിരുന്നയാളെ ചോദ്യം ചെയ്‌ത് വിട്ടയച്ചു. പ്രതിയെ ഇന്ന് കോടിതിയിൽ ഹാജരാക്കും.