k

മലയാളി പ്രണയിച്ചത്, ദുഃഖിച്ചത്, ഉല്ലസിച്ചത്, ഉറങ്ങിയത്, വിപ്ലവമുന്നേ​റ്റം നടത്തിയത് എല്ലാം പല പതി​റ്റാണ്ടുകളായി യേശുദാസിന്റെ ശബ്ദത്തിന്റെ ഇരട്ടവരയ്ക്കിടയിലൂടെയായിരുന്നു

എത്ര ലോകം തപസ്സു ചെയ്താലാ-
ണെത്തിടുന്നതൊരിക്കലീ ശബ്ദം

എന്നു ചങ്ങമ്പുഴ പാടിയത് ഏ​റ്റവും നന്നായി ചേരുക യേശുദാസിന്റെ സംഗീതത്തിനാണ്. ലോകവും, കാലവും എത്ര തപസ്സു ചെയ്താലാണ് ഇത്രമേൽ ശ്രുതി ശുദ്ധമായ, ഇത്രമേൽ ഭാവാർദ്റമായ, ഒരു സമ്മോഹന ശബ്ദം കേൾക്കാനാവുക! ഏതായാലും ഒന്ന് ഉറപ്പിച്ചു പറയാം. യേശുദാസിന്റെ കാലത്ത് അതിനൊപ്പം നിൽക്കാൻ പോരുന്ന മ​റ്റൊരു ശബ്ദം ഉണ്ടായിട്ടില്ല. താൻ ജീവിച്ച കാലത്തിന്റെ സംഗീത ശീർഷകമായി നിൽക്കുന്നു ഈ മഹാഗായകൻ. വിമർശനങ്ങളുണ്ടായിട്ടില്ലേ? ഉണ്ട്.

ഒന്ന്, സംസ്‌കാരഭേദങ്ങളുടെയും പ്രദേശഭേദങ്ങളുടെയും അടിസ്ഥാനത്തിലുള്ള സ്വരസംസ്‌കാര വൈവിദ്ധ്യത്തെ യേശുദാസിന്റെ ശബ്ദം വന്ന് ഇല്ലായ്മ ചെയ്തു എന്നതായിരുന്നു ഒരു വിമർശനം. എന്നാൽ, ഇതിനുള്ള മറുപടി ഈ വിമർശനത്തിൽത്തന്നെയുണ്ട്. കേരളത്തിനാകെ, മലയാളത്തിനാകെ പൊതുവിൽ സ്വീകാര്യമാവുന്ന ഒരു സ്വരസംസ്‌കാരത്തിന്റെ സ്​റ്റാൻഡേഡൈസേഷൻ യേശുദാസിനു മാത്രമെ സാദ്ധ്യമാക്കാൻ കഴിഞ്ഞുള്ളൂ എന്നതാണത്. കുറത്തിപ്പാട്ട്, പുള്ളുവൻ പാട്ട്, ബ്രാഹ്മണിപ്പാട്ട്, മാപ്പിളപ്പാട്ട് എന്നിങ്ങനെ ജാതി - വിഭാഗ തലത്തിൽ സംഗീതം വേർതിരിഞ്ഞു നിന്നിരുന്നിടത്ത് കേരള സമൂഹത്തിനാകെ ഒരുപോലെ ഏ​റ്റുപാടാൻ കഴിയുന്ന പൊതുവായ പാട്ടുണ്ടായപ്പോൾ, അതു നന്നായി എന്നു പറഞ്ഞവർ തന്നെ, സ്വരസംസ്‌കാരത്തിൽ പൊതുവായ ആസ്വാദ്യത വളർന്നു വന്നപ്പോൾ അതിനെ വിമർശിച്ചാലോ?
യേശുദാസിനെതിരെ കേട്ടിട്ടുള്ള മ​റ്റൊരു വിമർശനം അഹങ്കാരിയാണെന്നതാണ്. ഒട്ടൊക്കെ അടുത്ത് ഇടപെടാൻ അവസരമുണ്ടായിട്ടുള്ള ഈ ലേഖകന് ഒരിക്കൽ പോലും കാണാൻ കഴിഞ്ഞിട്ടില്ല ഈ വിമർശനത്തെ ശരിവെക്കുന്ന ഒരു മുഹൂർത്തവും. എന്നാൽ, വിനയമാണു കിരീടം എന്നത് ഓർമ്മിപ്പിച്ച മുഹൂർത്തങ്ങൾ നിരവധിയുണ്ടുതാനും.
ഒരു കാര്യം പറയട്ടെ എല്ലാവർക്കും ദാസേട്ടനായ യേശുദാസിനെ ഞാൻ അങ്ങോട്ടു ചെന്നു പരിചയപ്പെട്ടിട്ടില്ല. അങ്ങനെ പരിചയപ്പെടാ
തിരുന്നത് എന്റെ അഹങ്കാരം കൊണ്ടൊന്നുമല്ല. ആരെയും അങ്ങോട്ടു ചെന്നു പരിചയപ്പെടുന്ന രീതി എനിക്ക് പണ്ടേയില്ല എന്നതുകൊണ്ടാണത്. എന്നാൽ, ദാസേട്ടൻ, ഇങ്ങോട്ടുവന്ന്, എന്റെ കൈകൾ ചേർത്തു പിടിച്ച്, എപ്പോൾ വന്നു എന്നു ചോദിച്ചപ്പോൾ ഞാൻ നിന്ന നിൽപ്പിൽ മനസ്സുകൊണ്ട് ഉരുകിപ്പോയി എന്നതാണു സത്യം.

ദാസേട്ടനും ഞാനും പല വേദികളിൽ ഒരുമിച്ചുണ്ടായിരുന്നു. പലതും അദ്ദേഹത്തെ ആദരിക്കാനുളള വേദികൾ. ഞാനാകട്ടെ, അദ്ദേഹത്തെ
ക്കുറിച്ചു പ്രസംഗിക്കാൻ നിയുക്തനായ വ്യക്തിയും. പലതും ഗൾഫിലെ വേദികൾ. ഒന്ന് തിരുവനന്തപുരത്തെയും. ഓരോ വേദിയിലും
ഞാൻ പ്രസംഗിച്ചു. ദാസേട്ടന്റെ അനുപമവും അനവദ്യ സുന്ദരവുമായ ആലാപന വൈഭവത്തെക്കുറിച്ച്, സമർപ്പിതമായ ആ നാദോപാസനയെക്കുറിച്ച്, ആർദ്റമായ സമസൃഷ്ടിസ്‌നേഹത്തെക്കുറിച്ച്, കാലത്തെ കടന്ന് നിലനിൽക്കാൻ പോരുന്ന ആ നാദസൗഭാഗ്യത്തെക്കുറിച്ച് ഒക്കെയൊക്കെ. പ്രസംഗം കഴിഞ്ഞാൽ ഞാൻ തിരികെ വന്ന് എന്റെ കസേരയിലിരിക്കും. അത്രമാത്രം. ഒരു സന്ദർഭത്തിൽ പോലും വ്യക്തിപരമായ നിലയിൽ പരിചയപ്പെടാൻ ഞാൻ നിന്നിട്ടില്ല. അതേസമയം എന്റെ പ്രഭാഷണങ്ങൾ അതീവ ശ്രദ്ധയോടെ ദാസേട്ടൻ കേൾക്കുന്നും ആസ്വദിക്കുന്നുമുണ്ട് എന്നത് പ്രസംഗത്തിനിടയിലുളള കൺകോൺ നോട്ടങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയിരുന്നുതാനും. അങ്ങനെ മൂന്നു നാലുവേദികൾ കഴിഞ്ഞ് അഞ്ചാം വേദിയിലെത്തിയപ്പോഴാണ് ദാസേട്ടൻ
ഇങ്ങോട്ടുവന്ന് എന്റെ കൈപിടിക്കുന്നത്; എപ്പോൾ വന്നുവെന്ന് ചോദിക്കുന്നത്. 'വർമ എപ്പോൾ വന്നു' എന്നു ചോദിച്ചാൽ മതി.
എന്നാൽ ദാസേട്ടൻ വർമ സാർ എന്നല്ലാതെ ഒരിക്കലും പറഞ്ഞിട്ടില്ല. സ്വകാര്യവർത്തമാനത്തിലായാലും എന്റെ പാട്ട് ആലപിക്കുന്നതിനു
മുൻപായുളള വേദിയിലെ പൊതു സംസാരത്തിലായാലും. ഓരോ തവണ വർമ സാർ എന്നു കേൾക്കുമ്പോഴും ആ ശബ്ദത്തിലെ
വിനയം ശ്രദ്ധിക്കുമ്പോഴും ഞാനാകെ ചൂളിപ്പോകാറുണ്ട്. എന്തുകൊണ്ടാണ് ചൂളിപ്പോകുന്നത്? എന്നെക്കാൾ എത്രയോ മുതിർന്ന വ്യക്തി
യാണ് ദാസേട്ടൻ! അതിനുമപ്പുറം ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്തേ മലയാളത്തിലെ ലബ്ധപ്രതിഷ്ഠനും അതുല്യനുമായ ഗായക
ശ്രേഷ്ഠനായി മലയാളി സമൂഹത്തിന്റെ ആകെ മനസ്സിൽ സ്ഥാനമുറപ്പിച്ചയാളാണ്. ഒരിക്കലെങ്കിലും നേരിട്ടു കാണാൻ കഴിയുമെന്നു
പ്രതീക്ഷിക്കാതിരുന്ന വ്യക്തിയാണ്. അങ്ങനെയുളള മഹാനായ ഒരു കലാകാരനാണ് ഇങ്ങോട്ടു വന്ന് സംസാരിക്കുന്നത്; വർമ സാർ എന്ന്
സംബോധന ചെയ്യുന്നത്. ഞാൻ ഉരുകിത്തീർന്നില്ലെങ്കിലല്ലേ അത്ഭുതമുളളൂ. അങ്ങോട്ടുചെന്നു പരിചയപ്പെടാതിരുന്നതിൽ എനിക്ക്
കു​റ്റബോധം തോന്നി. അദ്ദേഹത്തിന് എന്റെ അടുത്തേക്ക് വരേണ്ടിവന്നല്ലോ എന്ന് സങ്കടം തോന്നി. അത്തരമൊരവസ്ഥ ഞാൻ ഉണ്ടാക്കിക്കൂടായിരുന്നു എന്ന പശ്ചാത്താപവും തോന്നി. വിശ്വഗായകനായ യേശുദാസിന് ഈയുള്ളവനെ കണ്ട് സംസാരിക്കേണ്ട കാര്യമെന്താ? ഒന്നുമില്ല. എന്നിട്ടും വന്ന് സംസാരിച്ചു. അതാണ് മഹത്വം. മലയാളികൾക്ക് പൊതുവെ മനസ്സിലാകാത്ത മഹത്വം! എത്ര കാലം തപസ്സു ചെയ്താലാണ് ഇത്തരമൊരു മഹനീയ നാദം പിറക്കുന്നത്? അതിന്റെ മഹത്വം മാത്രമല്ല, ആ മഹത്വം നിറഞ്ഞുനിൽക്കുന്ന മനസ്സിനെക്കൂടി മലയാളി മനസ്സിലാക്കേണ്ടതുണ്ട്. ഒരിക്കൽ ഞാൻ ദാസേട്ടേനോട് പറഞ്ഞു:
'വർമ സാർ; എന്ന് എന്നെ വിളിക്കരുത്. പക്ഷേ ഇപ്പോഴും അങ്ങനെത്തന്നെ വിളിക്കുന്നു. ഞാൻ വേദനയോടെ വിളി കേൾക്കുന്നു.
സ്‌കൂൾകുട്ടിയായിരിക്കെ റേഡിയോക്കു മുമ്പിൽ ആരുടെ ഏതു ശബ്ദത്തിനു വേണ്ടി കാതോർത്തിരുന്നോ, ആ ദാസേട്ടന്റെ ഭാവമധുരമായ

അതേ ശബ്ദത്തിൽ പിൽക്കാലത്ത് എനിക്ക് ഞാൻ എഴുതിയ വരികൾ തന്നെ കേൾക്കാൻ കഴിഞ്ഞു എന്നതാണ് എന്റെ ഗാനരചനാ ജീവിതത്തിലെ ഏ​റ്റവും വലിയ സാഫല്യം. ഇതുമായി ചേർത്തുവെച്ച് മ​റ്റൊരു കാര്യം പറയട്ടെ. മലയാളിയെ ആനന്ദിപ്പിക്കുക മാത്രം ചെയ്തിട്ടുളള യേശുദാസിനു മലയാളി എന്തു തിരിച്ചു കൊടുത്തു? ഒന്നും കൊടുക്കേണ്ട. വേദനിപ്പിക്കാതിരുന്നാൽ മതി. ഇടക്കാലത്തു സോഷ്യൽ മീഡിയയിൽ വന്ന ക്രൂരമായ പരാമർശങ്ങൾ മലയാളിയുടെ കൃതഘ്നതയെ അല്ലാതെ മ​റ്റൊന്നിനെയുമല്ല വെളിവാക്കിയത്. മൃദുലമനസ്‌കരാണ് കലാകാരൻമാർ ആ മനസ്സുകളെ മുറിവേൽപ്പിക്കരുത്. അത്രയ്ക്കു ക്രൂരരാവരുത് മലയാളികൾ. പാടാൻ കഴിവില്ലാത്തവരും, എന്നാൽ പാടാൻ ആഗ്രഹമുള്ളവരുമായ മലയാളികളാകെ തങ്ങൾക്കു പാടാനാവാതെ

പോവുന്ന പാട്ടുകളുടെ ഗായകനായി യേശുദാസിനെ കണ്ടു. തന്റെ തന്നെ അപരൻ എന്ന നിലയിൽ. ഇത് അദ്ദേഹത്തിന്റെ പൊതു സ്വീകാര്യതയ്ക്കുള്ള അടിത്തറയായി. പല ഗായകരും സംഗീത സംവിധായകർ പാടിക്കൊടുത്ത രീതിയിൽ പാടാൻ ശ്രമിച്ച് ഒപ്പിച്ചു മാറിയപ്പോൾ പാടിക്കൊടുത്ത സംഗീത സംവിധായകരെ വിസ്മയിപ്പിക്കുന്ന തലത്തിൽ യേശുദാസ് പാടി. മലയാളി പ്രണയിച്ചത്, ദുഃഖിച്ചത്, ഉല്ലസിച്ചത്, ഉറങ്ങിയത്, വിപ്ലവമുന്നേ​റ്റം നടത്തിയത് എല്ലാം പല പതി​റ്റാണ്ടുകളായി യേശുദാസിന്റെ ശബ്ദത്തിന്റെ ഇരട്ടവരയ്ക്കിടയിലൂടെയായി . പാടുന്നവർ നിരവധി. എന്നാൽ, എല്ലാ ലൗകിക സുഖങ്ങളെയും സംഗീതത്തിനു കീഴ്‌പ്പെടുത്തി ത്യജിച്ചുകൊണ്ടു ജീവിച്ച ഗായകൻ യേശുദാസ് മാത്രം. സംഗീതത്തിനു നിരക്കുന്നതെന്തൊക്കെയോ അവയെ മാത്രം സ്വീകരിച്ച്, മ​റ്റെന്തിനെയും ജീവിതത്തിൽ നിന്നു നീക്കിനിർത്തി. ഈ അർപ്പണബോധം മ​റ്റൊരു ഗായകനിൽ കാണാനില്ല. എടുത്തു പറയേണ്ട മ​റ്റൊരു കാര്യം അദ്ദേഹത്തിന്റെ മതനിരപേക്ഷതയിലെ നിഷ്ഠയാണ്. ജാതിഭേദം മതദ്വേഷം എന്നു തുടങ്ങുന്ന ഗുരുദേവന്റെ സൂക്തം ഉരുവിട്ടുകൊണ്ട് കടന്നു വന്ന ഈ ഗായകൻ എന്നും ഓർമ്മിപ്പിച്ചത് ഭേദചിന്തകൾക്കതീതമായ മനസ്സുകളുടെ ഒരുമയെക്കുറിച്ചായതു സ്വാഭാവികം. കാഴ്ച തിരിച്ചു കിട്ടുമെങ്കിൽ ആദ്യം എനിക്ക് കാണേണ്ടത് യേശുദാസിനെയാണ് എന്ന് പ്രതിഭാധനനായ രവീന്ദ്ര ജയിൻ പറഞ്ഞതു മുൻനിർത്തി
വിമർശകരോടു പറയട്ടെ: കൺകളില്ലെന്നുള്ള അവസ്ഥ ഇല്ലാതിരുന്നിട്ടും കാണാതെ പോയാലത് ക്ഷന്തവ്യമല്ലാത്ത ഒരു അപരാധമാണ്. കാൽ നൂ​റ്റാണ്ടു മുൻപ് ദാസേട്ടന്റെ ഷഷ്ഠി പൂർത്തി ആഘോഷം നിശാഗന്ധിയിൽ നടന്നപ്പോൾ എം. ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ എന്റേതായിരുന്നു സ്വാഗതഗാനം. അതിലെ ആദ്യവരി ഉദ്ധരിച്ചുകൊണ്ട് ഉപസംഹരിക്കട്ടെ നാദ സൗഭഗമേ നമോവാകം!.