lek

കൊച്ചി: മാലിദ്വീപും ഇന്ത്യയുമായുള്ള അഭിപ്രായഭിന്നതകൾക്കിടെ ലക്ഷദ്വീപിൽ പ്രവർത്തിക്കുന്ന ചെറു കമ്പനികളുടെ ഓഹരി വിലയിൽ വൻ കുതിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കഴിഞ്ഞ ദിവസത്തെ ലക്ഷദ്വീപ് സന്ദർശനവും തുടർന്നുണ്ടായ വിവാദങ്ങളും ലക്ഷദ്വീപിലെ വിനോദ സഞ്ചാര മേഖലയ്ക്ക് വൻ കരുത്താകുമെന്നാണ് വിലയിരുത്തുന്നത്. ഇതോടൊപ്പം ദ്വീപിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ടുറിസം പ്രോത്സാഹനങ്ങൾക്കും കേന്ദ്ര സർക്കാർ വലിയ പദ്ധതികൾ തയ്യാറാക്കുന്നതും ഇവിടെ പ്രവർത്തിക്കുന്ന കമ്പനികൾക്ക് വൻ നേട്ടമാകുമെന്ന് നിക്ഷേപകർ വിലയിരുത്തുന്നു.

ലക്ഷദ്വീപിൽ അൻപത് ടെന്റുകൾ പണിയുന്നതിന് കഴിഞ്ഞ ദിവസം കരാർ ലഭിച്ച ഗുജറാത്ത് ആസ്ഥാനമായ പ്രവേഗെന്ന കമ്പനിയുടെ ഓഹരി വിലയിൽ മൂന്ന് ദിവസത്തിനിടെ 43 ശതമാനം വർദ്ധനയാണുണ്ടായത്. ഇന്നലെ ഒരവസരത്തിൽ കമ്പനിയുടെ ഓഹരി വില 17 ശതമാനം വരെ ഉയർന്നിരുന്നു.

ലക്ഷദ്വീപിലെ കടൽത്തീരത്തിന്റെ ഭംഗി ആസ്വദിച്ച് നരേന്ദ്ര മോഡി ഇരിക്കുന്ന മനോഹരമായ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ദ്വീപിലെ കമ്പനികളുടെ ഓഹരികൾക്ക് പ്രിയമേറുന്നത്. മാലിദ്വീപിലെ മന്ത്രിമാർ അടക്കമുള്ളവർ മോഡിയെ പരിഹസിച്ച് രംഗത്തെത്തിയതോടെ "മാലി ബഹിഷ്ക്കരിക്കൂ, ലക്ഷദ്വീപിലേക്ക് പോകൂ" എന്ന ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

മാലിദ്വീപ് പാക്കേജുകൾ റദ്ദാക്കി യാത്രികരോട് ലക്ഷദ്വീപിലേക്ക് പോകാൻ നിർദേശിച്ച ഈസിട്രിപ്പ് പ്ളാനേഴ്സിന്റെ ഓഹരി വിലയിൽ അഞ്ച് ശതമാനം വർദ്ധനയുണ്ടായി. രണ്ട് വർഷത്തിനുള്ളിൽ ലക്ഷദ്വീപിൽ പുതിയ രണ്ട് റിസോർട്ടുകൾ ആരംഭിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസിന്റെ ഓഹരി വില രണ്ട് ശതമാനം ഉയർന്നു.