lakshadweep

ന്യൂഡൽഹി: ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാ‌‌ർ. ലക്ഷദ്വീപിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി വാണിജ്യ, യുദ്ധവിമാനങ്ങൾ സർവീസിന് സാധിക്കുന്ന പുതിയ വിമാനത്താവളം നിർമിക്കാനാണ് പദ്ധതി.മിനിക്കോയ് ദ്വീപിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള സെെനിക വിമാനങ്ങൾക്കും യാത്രാവിമാനങ്ങൾക്കുമുള്ള എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിലുണ്ടാകും. സെെനിക, വാണിജ്യ, വ്യോമഗതാഗതം സാദ്ധ്യമാകുന്ന വിമാനത്താവളമായിരിക്കും നിർമിക്കുന്നതെന്നാണ് റിപ്പോർട്ട്. മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമിക്കാനുള്ള നിർദേശം മുൻപും സർക്കാരിന് മുന്നിലെത്തിയിരുന്നു. എന്നാൽ സെെനിക ആവശ്യങ്ങൾക്കുകൂടി ഉപയോഗപ്പെടുന്ന വിധത്തിൽ വ്യോമത്താവളം നിർമിക്കാനുള്ള തീരുമാനം സർക്കാർ അടുത്തിടെയാണ് കെെക്കൊണ്ടത്. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും നിരീക്ഷണം നടത്തുന്നതിനുള്ള സെെനിക താവളമായി ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും നിർമാണം.

വിമാനത്താവളം സംബന്ധിച്ച പദ്ധതി സർക്കാരിന്റെ പ്രാഥമിക പരിഗണനകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും നിർമാണം സംബന്ധിച്ചുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നുമാണ് ഔദ്യോഗിക വിവരം. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഇന്ത്യൻ എയർഫോഴ്സിനായിരിക്കും വിമാനത്താവളത്തിന്റെ ചുമതല. മിനിക്കോയ് വിമാനത്താവളം പ്രതിരോധ സേനക്കും ടൂറിസം രം​ഗത്തിനും ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തൽ. ദ്വീപിൽ നിലവിൽ അഗത്തിയിലെ ഒരു വിമാനത്താവളം മാത്രമാണുള്ളത്. ഇത് വികസിപ്പിക്കാനും ആലോചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെ അന്തർദേശീയ ചർച്ചയായിരിക്കുകയാണ് ലക്ഷദ്വീപ്. അതിന് പിന്നാലെയാണ് പുതിയ പദ്ധതിയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവരുന്നത്.