murder

തഞ്ചാവൂർ: തഞ്ചാവൂരിൽ ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. തഞ്ചാവൂർ സ്വദേശി ഐശ്വര്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ പെരുമാൾ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഡിസംബർ 31നാണ് ഐശ്വര്യ നവീൻ എന്ന യുവാവിനെ വിവാഹം കഴിച്ചത്. തിരുപ്പൂരിലെ വസ്ത്രനിർമ്മാണ കമ്പനിയിലെ ജീവനക്കാരനാണ് നവീൻ. വിവാഹശേഷം വീരപാണ്ടിയിലെ വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. തുടർന്ന് ജനുവരി രണ്ടിന് ഐശ്വര്യയുടെ പിതാവ് പെരുമാൾ, പല്ലടം പൊലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന പരാതിയുമായി എത്തി. പരാതിയുടെ അടിസ്ഥാനത്തിൽ ഐശ്വര്യയെ വിളിച്ചുവരുത്തിയ പൊലീസ് പിതാവിനൊപ്പം നിർബന്ധിച്ച് പറഞ്ഞുവിടുകയും നവീനിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച ഐശ്വര്യക്ക് അപകടം സംഭവിച്ചതായി സുഹൃത്ത് അറിയിച്ചതിനെത്തുടർന്ന് നവീൻ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേർന്ന് യുവതിയെ ചുട്ടുകൊന്നതായി കണ്ടെത്തിയത്. അഞ്ചു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.