rahul-mankootathil

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്. രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഈ മാസം 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തു.ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റെയാണ് വിധി. ഈ കേസുമായി ബന്ധപ്പെട്ട നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ജയിലിലുള്ളത്. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് രാവിലെ തള്ളിയിരുന്നു. അതുകൊണ്ട് തന്നെ രാഹുലിന് ജാമ്യം ലഭിക്കാന്‍ സാദ്ധ്യതിയില്ലെന്ന് കോണ്‍ഗ്രസിനും അറിയാമായിരുന്നു.

സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പൊലീസിനെ അക്രമിച്ചു, ഉദ്യോഗസ്ഥരെ ജോലി ചെയ്യുന്നതില്‍ തടസ്സപ്പെടുത്തി, പൊലീസ് വാഹനം ആക്രമിച്ചു, പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ പ്രതികളെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി തുടങ്ങിയ കാര്യങ്ങളാണ് രാഹുലിനെതിരെ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്.

ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുലിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നേരത്തെ ഫോര്‍ട്ട് ആശുപത്രിയിലാണ് രാഹുലിനെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്.

ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രതിഷേധമല്ല ആക്രമണമാണ് നടന്നതെന്നും രാഹുല്‍ ആക്രമണത്തിന് പ്രോത്സാഹനം നല്‍കിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സംഭവം നടക്കുമ്പോള്‍ രാഹുല്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ പത്തനംതിട്ടയിലെ വീട്ടില്‍നിന്നാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. പൊലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നുമാണ് കേസ്.

സംഘംചേര്‍ന്ന് അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ക്കുപുറമേ പൊലീസ് ആക്ടിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് രാഹുലിനെതിരെ കേസെടുത്തത്. അതേസമയം, രാഹുലിന്റെ അറസ്റ്റിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.