
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നൊക്കെ പറഞ്ഞാൽ ആർക്കും ഒന്നും മനസ്സിലാകില്ല. കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന ഈ ബദൽ നിയമങ്ങൾ രാഷ്ട്രപതി ഒപ്പുവച്ചതോടെ 1860ൽ നിലവിൽ വന്ന ഇന്ത്യൻ പീനൽ കോഡ് (ഐ പി സി ), 1898ലെ ക്രിമിനൽ നടപടിക്രമം (സി.ആർ.പി.സി ), 1872ലെ ഇന്ത്യൻ തെളിവ് നിയമം (ഇന്ത്യൻ എവിഡൻസ് ആക്ട്) എന്നിവ ഇന്ത്യയിലെ നീതിന്യായ സംരക്ഷണ രംഗത്തുനിന്ന് പിൻവാങ്ങി. ഒന്നര നൂറ്റാണ്ടിലേറെ നിലവിലിരുന്ന ഈ നിയമങ്ങൾ പുറത്തായപ്പോൾ നിയമപരിഷ്കാരത്തിന്റെ ഭാഗമായപുതിയ നിയമങ്ങൾ നീതിന്യായ സംരക്ഷണ രംഗത്തെ ബലപ്പെടുത്തുമോ എന്നത് കാത്തിരുന്ന് കാണേണ്ട വിഷയമാണ്.
പുതിയ കുറ്റകൃത്യങ്ങൾ
സുപ്രീംകോടതി മരവിപ്പിച്ച രാജ്യദ്രോഹം എന്ന കുറ്റം ദേശദ്രോഹം എന്ന പേരിൽ വിശാലമായ നിർവചനത്തോടെ പുതിയ കുറ്റമാക്കി. പകരം രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്കെതിരെയുള്ള ദേശദ്രോഹ പ്രവർത്തികൾ കുറ്റമാക്കി ഉൾപ്പെടുത്തി. ആൾക്കൂട്ടക്കൊല പുതിയ നിയമത്തിൽ ഒരു പ്രത്യേക കുറ്റകൃത്യമാണ്. അഞ്ചോ അതിലധികമോ ആളുകൾ വർഗ്ഗം,ജാതി, സമുദായം,വിശ്വാസം എന്നിവ ആധാരമാക്കി നടത്തുന്ന കൊലപാതകത്തിന് ഈ കുറ്റമാണ് ഇനി ചുമത്തുക. ജീവപര്യന്തം തടവ് മുതൽവധ ശിക്ഷവരെ ലഭിക്കും. ആൾക്കൂട്ട ആക്രമണം തടയാൻ പ്രത്യേക നിയമം കൊണ്ടുവരാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആൾക്കൂട്ടക്കൊല ഒരു പ്രത്യേക കുറ്റകൃത്യമായി പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയത്. പ്രയോഗിക്കാവുന്ന പരിധി വിപുലമാക്കി ഭീകര പ്രവർത്തനം ഒരു കുറ്റകൃത്യമാക്കി. ഭീകരവിരുദ്ധ നിയമമായ യു.എ.പി.എയിൽ നിന്നുള്ള പദാവലികൾ ഉൾക്കൊള്ളുന്ന ഒരു നിർവചനം നൽകിയാണ് പ്രയോഗിക്കാവുന്ന പരിധി വിപുലമാക്കിയത്.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷാ അഖണ്ഡത സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് നേരെയുള്ള ഏതുതരം ഭീഷണിയും ക്രമം ആക്രമണങ്ങളും ഭീകരതയായി കണക്കാക്കുന്നതാണ് പുതിയ നിയമം. നിലവിൽ യു.എ.പി.എ പ്രയോഗിച്ചതിനേക്കാൾ കൂടുതൽ ഉപയോഗിക്കാവുന്ന തരത്തിൽ ഭീകര പ്രവർത്തനത്തിനുള്ള ധനസഹായം എന്നുള്ളത് കൂടുതൽ വിപുലമാക്കിയിട്ടുണ്ട്. സെഷൻസ് കോടതിക്കാണ് വിചാരണാധികാരംനൽകിയിരിക്കുന്നത്. സംഘടിത കുറ്റകൃത്യം സാധാരണ ക്രിമിനൽ നിയമത്തിന് കീഴിലെ ഒരു കുറ്റമാണ് പുതിയ നിയമത്തിൽ. ഇത് അനുസരിച്ച് സംഘടിത കുറ്റകൃത്യത്തിനും അതിലേർപ്പെടാനുള്ള ശ്രമത്തിനും ഒരേ ശിക്ഷയാണ്. ഈ കുറ്റകൃത്യത്തിലൂടെ മരണം സംഭവിച്ചാൽ ജീവപര്യന്തം മുതൽ വധശിക്ഷ വരെയും മരണം ഉണ്ടായില്ലെങ്കിൽ ചുരുങ്ങിയത് അഞ്ചുവർഷത്തെ തടവു ശിക്ഷയും ലഭിക്കും. ഈ തടവു ശിക്ഷ ജീവപര്യന്തം വരെ ആകാം. ദൈനംദിന ക്രമസമാധാന പ്രശനങ്ങളിൽ പെടുന്ന ചില കുറ്റകൃത്യങ്ങളെ ചെറിയ സംഘടിത കുറ്റകൃത്യം എന്ന ഒരു പ്രത്യേക വിഭാഗം ആക്കി ഈ വകുപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഘടിതമായ മോഷണം,പിടിച്ചുപറി, വഞ്ചന,അനധികൃത ടിക്കറ്റ് വില്പന, അനധികൃത വാതുവെപ്പും ചൂതാട്ടവും, ചോദ്യ പേപ്പർ ചോർത്തി വിൽപ്പന എന്നിവ ഇതിൽ ഉൾപ്പെടും. പെൺകുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിന് ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഉണ്ടായിരുന്ന വ്യവസ്ഥ പുതിയ നിയമത്തിൽ ലിംഗ ഭേദമെന്യേ എല്ലാ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിനും എതിരാക്കി മാറ്റി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളായിരുന്ന ഒളിഞ്ഞുനോട്ടം, അപമാനിക്കൽ തുടങ്ങിയവ ഭാരതീയ ന്യായ സംഹിതയിൽ ലിംഗ ഭേദമെന്യേ എല്ലാവർക്കും ബാധകമാക്കി.ഇതോടെ പുരുഷനെതിരായ ഒളിഞ്ഞുനോട്ടത്തിനും അപമാനിക്കലിനും സ്ത്രീക്കെതിരെയും കേസെടുക്കും. ഏഴ് വയസ്സിന് താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റങ്ങൾക്ക് കേസുണ്ടാവില്ലെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യവസ്ഥ തുടരും. അതേസമയം ചെയ്ത കുറ്റത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിയാത്ത 12 വയസ്സുവരെയുള്ള കുട്ടികളെയും കേസിൽ നിന്ന് ഒഴിവാക്കുന്ന തരത്തിൽ പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.
വഞ്ചനാത്മകമായ വിവാഹ വാഗ്ദാനം എന്നത് ഒരു കുറ്റകൃത്യമാക്കിയിട്ടുണ്ട് പുതിയ നിയമത്തിൽ. ഈ വകുപ്പ് ചുമത്തിയാൽ ഉഭയ കക്ഷി സമ്മതത്തോടെയുള്ള ബലാത്സംഗത്തിന്റെ പരിധിയിൽ വരാത്ത ലൈംഗിക ബന്ധത്തിന് 10 വർഷം വരെ തടവ് ലഭിക്കും. ഒരാളുടെ യഥാർത്ഥ ഐഡന്റിറ്റി മറച്ചുവച്ചുള്ള വിവാഹം, തൊഴിൽ,സ്ഥാനക്കയറ്റം തുടങ്ങിയവ സംബന്ധിച്ച വ്യാജ വാഗ്ദാനം എന്നിവ വഞ്ചനാത്മകം എന്നതിന്റെ പരിധിയിൽ പെടും. ഉപവാസ സമരം പുതിയ നിയമത്തിലെ ഒരു കുറ്റകൃത്യമാണ്. വല്ലതും ചെയ്യിക്കാനോ അവ ചെയ്യുന്നത് തടയാനോ സർക്കാർ ജീവനക്കാരെ സമ്മർദ്ദത്തിൽ ആക്കാൻ നടത്തുന്ന ആത്മഹത്യാ ശ്രമം സാമൂഹിക സേവനത്തോടൊപ്പം ഒരു വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാക്കി. ഇതോടെ ഉപവാസ സമരവും സ്വയം തീകൊളുത്തി യുള്ള സമരവും കുറ്റകൃത്യങ്ങളായി. വ്യാജമോ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതോ ആയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന തും പുതിയ നിയമപ്രകാരം കുറ്റകൃത്യമാണ്. പുതിയ നിയമത്തിൽ ഇല്ലാതാക്കിയ കുറ്റങ്ങളിൽ സ്വവർഗ ലൈംഗികതയും ഉൾപ്പെടും. പുതിയ നിയമ പരിഷ്കാരങ്ങൾ ഉണ്ടാക്കുന്ന മാറ്റത്തിനായി കാത്തിരിക്കുകയാണ് നിയമ ലോകം.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ മുൻപ്രസിഡന്റും നിയമ അവബോധന പ്രവർത്തകനും ആണ് ലേഖകൻ. ഫോൺ. 9446703707.