tshering-tobgay

തിംഫു: ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവ് ഷെറിംഗ് ടോബ്ഗേ വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക്. പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലിയിലെ 47 സീറ്റുകളിലേക്ക് ഇന്നലെ നടന്ന രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പിൽ പി.ഡി.പി 30 സീറ്റുകൾ നേടിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എതിരാളികളായ ഭൂട്ടാൻ തെൻഡ്രൽ പാർട്ടി (ബി.ടി.പി) 17 സീറ്റുകൾ നേടി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഔദ്യോഗിക സ്ഥിരീകരണം നടത്തും.

ഇരുപാർട്ടികളിലും നിന്ന് 94 സ്ഥാനാർത്ഥികളാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. നവംബറിലായിരുന്നു ആദ്യ റൗണ്ട്. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 7.30ന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് 4.30ന് അവസാനിച്ചു. മുൻ പ്രധാനമന്ത്രി ലോട്ടെയ് ഷെറിംഗിന്റെ ദ്രുക് ന്യാംരൂപ് ഷൊഗ്‌പ (ഡി.എൻ.ടി) പാർട്ടി ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. ഇന്ത്യൻ അനുഭാവിയായ 58കാരനായ ഷെറിംഗ് ടോബ്ഗേ 2013 മുതൽ 2018 വരെയാണ് ഭൂട്ടാൻ പ്രധാനമന്ത്രിയായിരുന്നത്.