india-maldives

മാലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മന്ത്രിമാര്‍ നടത്തിയ അധിക്ഷേപം മാലദ്വീപിനെ തിരിഞ്ഞുകൊത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ പ്രധാന വരുമാനമായ ടൂറിസം, ഇന്ത്യക്കാര്‍ ബഹിഷ്‌കരണം ശക്തമാക്കിയതോടെ തകിടം മറിഞ്ഞ അവസ്ഥയിലാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ മാലദ്വീപ് സന്ദര്‍ശിക്കുന്നത് ഇന്ത്യയില്‍ നിന്നായിരുന്നു. ബഹിഷ്‌കരണം ശക്തമായതോടെ ചൈനയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രസിഡന്റ് മൊഹമ്മദ് മൊയിസു.

ടൂറിസം മേഖലയിലെ തിരിച്ചടി മറികടക്കാന്‍ കൂടുതല്‍ സന്ദര്‍ശകരെ മാലദ്വീപിലേക്ക് അയക്കണമെന്നാണ് മൊയിസു ചൈനയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 17 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍ രാജ്യം സന്ദര്‍ശിച്ചതില്‍ രണ്ടരലക്ഷം ഇന്ത്യക്കാരുണ്ടായിരുന്നു. അതിനാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ പോലും ബാധിക്കുമെന്ന് മാലദ്വീപ് തിരിച്ചറിയുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചൈനയോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

അഞ്ച് ദിവസത്തെ ചൈന സന്ദര്‍ശനത്തില്‍ ഫുജിയാനിലെ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മൊയിസും ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. അതോടൊപ്പം തന്നെ ചൈനയാണ് തങ്ങളുടെ ഏറ്റവും അടുപ്പമുള്ള സഖ്യകക്ഷിയെന്നും മൊയിസു പരാമര്‍ശിച്ചു. മാലദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാമതുള്ളത് 2014ല്‍ ഷീ ജിന്‍ പിംഗ് കൊണ്ടുവന്ന ബെല്‍റ്റ് ആന്റ് റോഡ് ഇനിഷിയേറ്റീവ് ആണെന്നും മാലദ്വീപ് പ്രസിഡന്റ് പറഞ്ഞു.

കൊവിഡിന് മുമ്പ് തന്നെ ചൈന തങ്ങളുടെ വലിയ മാര്‍ക്കറ്റാണെന്നും രാജ്യത്തിന്റെ ടൂറിസം മേഖലയില്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ കൂടുതല്‍ ചൈനക്കാര്‍ മാലദ്വീപ് സന്ദര്‍ശിക്കണമെന്നും മൊയിസു അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം തന്നെ 50 മില്യണ്‍ യുഎസ് ഡോളറിന്റെ ടൂറിസം പദ്ധതികളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മൂന്ന് മന്ത്രിമാരെ മൊയിസു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ നിലപാട് വ്യക്തിപരമാണെന്നും സര്‍ക്കാര്‍ നിലപാടല്ലെന്നും സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരിച്ചിരുന്നു.