
തിരൂരങ്ങാടി: എ.ടി.എം കാർഡ് സമയത്ത് വീട്ടിലെത്താത്തതിന് പോസ്റ്റ്‌മാന് നേരെ യുവാവിന്റെ ആക്രമണം. പരിക്കേറ്റ പോസ്റ്റുമാൻ ആശുപത്രിയിൽ ചികിത്സ തേടി. തിരൂരങ്ങാടി പോസ്റ്റോഫിസിലെ പോസ്റ്റ്‌മാൻ പ്രസാദിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണം നടത്തിയ തിരൂരങ്ങാടി താഴെ ചിന സ്വദേശി കുറ്റിയിൽ ശൗക്കത്ത് അലി(37)യെ തിരൂരങ്ങാടി പൊലീസാണ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ നവംബറിൽ തിരൂരങ്ങാടി ഹെഡ് പോസ്റ്റോഫീസിൽ ഇല്ലിക്കൽ നസ്രീന എന്ന പേരിലുള്ള ഒരു എടിഎം കാർഡ് എത്തിയിരുന്നു. യുവതിയുടെ ബന്ധുവായ ശൗക്കത്ത് അലി കാർഡ് ലഭിക്കാത്തതിനെക്കുറിച്ചറിയാൻ പോസ്റ്റോഫീസിൽ എത്തി. ഭർത്താവിന്റെ പേരോ, ഫോൺനമ്പരോ ഇല്ലാത്തതിനാൽ കാർഡ് മടങ്ങിപ്പോയതായി ജീവനക്കാർ അറിയിച്ചു. തുടർന്ന് മടങ്ങിയ ശൗക്കത്ത് അലി അഞ്ചാം തീയതി വൈകിട്ടോടെ പ്രസാദിനെ വഴിയിൽ തടഞ്ഞുനിർത്തി കാർഡ് കിട്ടാത്തതിന്റെ പേരിൽ അസഭ്യം പറഞ്ഞു. ഇതിനൊപ്പം പ്രസാദിന്റെ മൊബൈൽ ഫോണുകൾ തട്ടിപ്പറിച്ചെടുത്ത ശേഷം വിതരണത്തിനുള്ള കത്തുകളും ആധാർ കാർഡുകളും വലിച്ചെറിഞ്ഞു. പിന്നീടാണ് ബൈക്കിലിരുന്ന ഹെൽമറ്റെടുത്ത് തലയ്‌ക്കടിച്ചത്. ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ ശൗക്കത്ത് അലി സ്ഥലംവിട്ടു.
പിന്നീട് ഒരു സുഹൃത്തിനെ കൂട്ടി പ്രസാദ് വിവരം കോട്ടയ്‌ക്കൽ പൊലീസിലറിയിച്ച ശേഷം കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവം കോട്ടയ്‌ക്കൽ പൊലീസ് തിരൂരങ്ങാടി പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ശൗക്കത്ത് അലിയെ അറസ്റ്റ് ചെയ്‌തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. മുൻപ് കൊവിഡ് കാലത്ത് മാസ്‌ക് ഇല്ലാതെ ജോലി ചെയ്‌തത് ചോദ്യം ചെയ്‌ത തിരൂരങ്ങാടി താലൂക്ക് മജിസ്‌ട്രേറ്റ് സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയാണ് ശൗക്കത്ത് അലി.