governor

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അസഭ്യ മുദ്രാവാക്യം വിളിയുമായി എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. സംഭവത്തില്‍ ഇടപെട്ട് പൊലീസിന് പരാതി സമര്‍പ്പിച്ചിരിക്കുകയാണ് ബിജെപി. മദ്ധ്യമേഖല പ്രസിഡന്റ് ഹരിയാണ് പരാതിക്കാരന്‍. ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി സമര്‍പ്പിച്ചത്.

പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയാണ് ഗവര്‍ണര്‍, ആ മര്യാദ കാണിക്കാതെയാണ് പ്രതിഷേധമെന്നും പരാതിയില്‍ പറയുന്നു.

ചൊവ്വാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദര്‍ശനത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. 'താന്തോന്നി, തെമ്മാടി, എച്ചില്‍ പട്ടി' എന്നിങ്ങനെയുള്ള അസഭ്യ മുദ്രാവാക്യം വിളികളോടെയായിരുന്നു എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകുടെ പ്രതിഷേധ പ്രകടനം.

കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ കുടുംബസുരക്ഷാ പ്രോജക്ട് ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തിയത്. എല്‍ഡിഎഫ് ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.