sports

തിരുവനന്തപുരം: ഈ മാസം 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബില്‍ നടക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നൊരുക്ക പരിപാടികള്‍ 12ന് ആരംഭിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ടൂര്‍ ഡി കേരള സൈക്ലത്തോണും റോഡ് ഷോയുമാണ് പ്രധാന പരിപാടി. ഇത് 12ന് കാസര്‍കോട് നിന്നാരംഭിച്ച് 23ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഒരൊറ്റ ലക്ഷ്യത്തിലേക്ക് കേരളം ഒരുമിച്ച് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കെ-വാക്ക് എന്ന മെഗാ വാക്കത്തോണ്‍ 22നാണ്. കേരളത്തിന്റെ തനത് കായിക രൂപങ്ങളെ ആസ്പദമാക്കി ഹൈബ്രിഡ് ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.

ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കായിക ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കായിക കലാ രൂപങ്ങള്‍ സമന്വയിക്കുന്ന സാംസ്‌ക്കാരിക പ്രകടനവും ഉദ്ഘാടന ദിവസം അരങ്ങേറും. സ്‌പോര്‍ട്‌സ് പ്രധാന പ്രമേയമായ മ്യൂസിക് ബാന്‍ഡിന്റെ പ്രകടനവും ഉണ്ടാകും.

കായിക ഉച്ചകോടിയോട് അനുബന്ധിച്ച് ആസൂത്രണം ചെയ്ത് വെബിനാര്‍ പരമ്പരയ്ക്കും തുടക്കമായി. 15 ദിവസം നീളുന്ന ഓണ്‍ലൈന്‍ സെമിനാറുകള്‍ എല്ലാ ദിവസവും വൈകിട്ട് 7നാണ് നടന്നു വരുന്നത്. കേരളത്തിന്റെ കായിക മേഖലയില്‍ നിക്ഷേപം, പങ്കാളിത്തം, സഹകരണം, പിന്തുണ എന്നിവയ്ക്ക് താല്പര്യമുള്ള മുഴുവന്‍ സ്ഥാപനങ്ങളെയും, വ്യക്തികളെയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു. ഉച്ചകോടിക്ക് മുന്നോടിയായിട്ടുള്ള ജില്ലാ സമ്മിറ്റുകള്‍ പൂര്‍ത്തിയായി. പഞ്ചായത്ത്, മുനിസിപ്പല്‍ തല മൈക്രോ സമ്മിറ്റുകള്‍ നടന്നു വരികയാണ് . കായിക വിഭവശേഷി മാപ്പിങ് പ്രക്രിയക്കും തുടക്കമായി.