
കാസര്‍കോഡ്: ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസിനെ കബളിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. മംഗലപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്താണ് ജില്ലാ ജഡ്ജി ചമഞ്ഞ് പൊലീസിനെ പറ്റിച്ചത്. പത്തനംതിട്ട ജില്ലാ ജഡ്ജിയാണെന്ന് പരിചയപ്പെടുത്തി ആള്‍മാറാട്ടം നടത്തിയ ഇയാള്‍ പൊലീസിനെ കൊണ്ട് തനിക്ക് യാത്ര ചെയ്യാന്‍ വാഹനം ഏര്‍പ്പെടുത്തുകയും സുരക്ഷ ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. രാത്രി പത്തരമണിയോടെ പൊലീസിനെ വിളിച്ച ഇയാള്‍ തന്റെ വാഹനം കേടായിപ്പോയെന്ന് അറിയിച്ചു. താമസിക്കുന്ന ഹോട്ടലിലേക്ക് പോകാന്‍ പൊലീസ് വാഹനം ഒരുക്കണമെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് പൊലീസ് എത്തി സ്റ്റേഷനിലെ വാഹനത്തില്‍ ഹോട്ടലില്‍ എത്തിച്ചു. തുടര്‍ന്ന് പൊലീസ് മടങ്ങാനൊരുങ്ങുമ്പോള്‍ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും കാവല്‍ വേണമെന്നും പറഞ്ഞതനുസരിച്ച് ഇയാള്‍ക്ക് കാവല്‍ നില്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് പോകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാല്‍, ഇയാളെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടപ്പോള്‍ ആ സമയത്ത് ട്രെയിനുകളൊന്നും ഉണ്ടായിരുന്നില്ല. അതോടെ നീലേശ്വരം റെയില്‍വേ സ്റ്റേഷനിലേക്ക് പോകണമെന്ന് പറഞ്ഞു. ഇതോടെ പൊലീസുകാര്‍ക്ക് സംശയം തോന്നുകയും ഷംനാദിനോട് ഐ.ഡി. കാര്‍ഡ് ചോദിക്കുകയുമായിരുന്നു. പൊലീസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഐ.ഡി. കാര്‍ഡോ മറ്റുരേഖകളോ ഇയാളുടെ കൈവശമുണ്ടായിരുന്നില്ല.
സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ പ്രതിയുമായി പൊലീസ് ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലിലെത്തി. ഹോട്ടല്‍ ജീവനക്കാരോട് തിരക്കിയപ്പോള്‍ സബ് കളക്ടറാണെന്ന് പറഞ്ഞാണ് പ്രതി മുറിയെടുത്തതെന്നായിരുന്നു മൊഴി. മുറിയുടെ വാടക നല്‍കിയിട്ടില്ലെന്നും ഹോട്ടല്‍ ജീവനക്കാര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് സംഘം ഷംനാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഷംനാദിനെതിരേ ഒമ്പത് കേസുകളുണ്ടെന്നാണ് വിവരം.