
ബംഗളൂരു:നാലു വയസുകാരനായ മകനെ ഗോവയിലെ ഹോട്ടലിൽ കൊലപ്പെടുത്തി ബാഗിലാക്കി ടാക്സിയിൽ കർണാടകത്തിലേക്ക് പോയ യുവതിയുടെ ഭർത്താവ് മലയാളി. ബംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്ഫുൾ എ.ഐ ലാബിന്റെ സി.ഇ.ഒയും പശ്ചിമ ബംഗാൾ സ്വദേശിയുമായ സുചന സേത്ത് ( 39 ) ആണ് സ്വന്തം മകനെ കൊന്ന് ബാഗിലാക്കിയതിന് ഇന്ന് അറസ്റ്റിലായത്.
പൊലീസിന്റെ സമർത്ഥമായ ഇടപെടലിലാണ് കർണാടകയിലെ ചിത്രദുർഗയിൽ വച്ച് ഇവരെ പിടികൂടിയത്. ബാഗിൽ നിന്ന് മകന്റെ മൃതദേഹം കണ്ടെടുത്തു. ഇവരെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പൊലീസ് പറയുന്നത്: ശനിയാഴ്ച സുചന മകനോടൊപ്പം നോർത്ത് ഗോവയിലെ ഹോട്ടലിൽ മുറിയെടുത്തു. തിങ്കളാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്ത ഇവർ ആവശ്യപ്പെട്ട പ്രകാരം ബംഗളുരുവിലേക്ക് പോകാൻ ഹോട്ടൽ അധികൃതർ ടാക്സി ഏർപ്പാടാക്കി നൽകി. ഇവർ പോയ ശേഷം മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാർ രക്തക്കറ കണ്ടു. ഹോട്ടൽ അധികൃതർ അറിയിച്ച പ്രകാരം പൊലീസെത്തി സി.സി ടിവി പരിശോധിച്ചു. തിരികെ പോയപ്പോൾ ഇവരോടൊപ്പം മകനില്ലെന്ന് വ്യക്തമായി.
പൊലീസ് യുവതിയെ ഫോണിൽ ബന്ധപ്പെട്ട് മകനെപ്പറ്റി ചോദിച്ചപ്പോൾ ഗോവയിലെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്ന് പറഞ്ഞു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോൾ വ്യാജ വിലാസം നൽകുകയും ചെയ്തു. തുടർന്ന് ഇവർ സഞ്ചരിച്ച ടാക്സി ഡ്രൈവറെ ബന്ധപ്പെട്ട് ഉടൻ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ഡ്രൈവർ ചിത്രദുർഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിൽ ഇവരെ എത്തിക്കുകയായിരുന്നു.
കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സുചന സേത്ത് അമേരിക്കയിലെ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ ബെർക്ക്മാൻ ക്ലീൻ സെന്ററിൽ 2017-18ൽ ഫെലോ ആയിരുന്നു. മലയാളി ബിസിനസുകാരനായ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. മകനെ ആഴ്ചയിലൊരിക്കൽ കാണാൻ ഭർത്താവിന് അനുമതി നൽകിയതിൽ ഇവർ അസ്വസ്ഥയായിരുന്നു. ഇൻഡോനേഷ്യയിലായിരുന്ന ഭർത്താവിനെ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. കൊലയ്ക്ക് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.