
പത്തനംതിട്ട : സബ്‌സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ സപ്ലൈകോ ഔട്ട്ലറ്റുകളെ ഉപഭോക്താക്കൾ കൈവിട്ടു. ഭൂരിഭാഗം ഔട്ട്ലറ്റുകളിലും വെളിച്ചെണ്ണയും പിരിയൻമുളകും മാത്രമാണ് സബ്സിഡിയിൽ ലഭിക്കുന്നത്. സാധനങ്ങളുടെ ക്ഷാമം ഉണ്ടായിട്ട് മാസം രണ്ടായി. ക്രിസ്മസ് വിപണിയിൽ പോലും സബ്സിഡി സാധനങ്ങൾ ലഭ്യമായിരുന്നില്ല. സ്റ്റോക്ക് കുറവാണെന്ന മറുപടി കേട്ട് ജനം മടുത്തു. ജില്ലയിൽ ഇരുപത് ലോഡ് അരിയടക്കമുള്ള സാധനങ്ങൾ എത്തിയിരുന്നയിടത്ത് മൂന്ന് ലോഡ് മാത്രമാണ് ഇപ്പോൾ എത്തുന്നത്.
സാധനങ്ങൾ കിട്ടുന്നില്ല.
ക്രിസ്മസിന് പോലും ഔട്ട്ലറ്റുകളിലൊന്നും സാധനങ്ങൾ സ്റ്റോക്കില്ലായിരുന്നു. പർച്ചേസിംഗ് ഓർഡർ നൽകിയെങ്കിലും സാധനങ്ങൾ ലഭിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. സാധാരണക്കാരായ നിരവധിയാളുകൾ സപ്ലൈകോയിൽ നിന്നാണ് സാധനങ്ങൾ വാങ്ങി ഉപയോഗിക്കുന്നത്. സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ കടയിൽ നിന്ന് അധികവില നൽകി വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ. സാധനങ്ങൾ സ്റ്റോക്കില്ലാത്തതിനാൽ വില്പനയും കുറഞ്ഞിട്ടുണ്ട്. വിൽപ്പനയ്ക്കനുസരിച്ചാണ് കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത്. വിൽപ്പന കുറഞ്ഞതിനാൽ കരാർ തൊഴിലാളികളുടെ ശമ്പളത്തിൽ കുറവ് ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്.
ഫണ്ടില്ലെന്ന് കാരണം
സർക്കാരിന് ഫണ്ടില്ലെന്ന കാരണത്താലാണ് സപ്ലൈകോയിൽ സാധനങ്ങൾ ലഭ്യമാകാത്തത്. രണ്ടുമാസമായി ഇത് തന്നെയാണ് അവസ്ഥ. വരുമാനത്തിൽ തന്നെ വലിയ ഇടിവാണ് സപ്ലൈകോ നേരിടുന്നത്.
ക്ഷാമം നേരിടുന്ന സബ്സിഡി സാധനങ്ങൾ-പഞ്ചസാര, പരിപ്പ്, മുളക്, കടല, മല്ലി, ഉഴുന്ന്, പയർ.
ജില്ലയിലെ ഔട്ട്ലറ്റുകൾ : പയർ, വെളിച്ചെണ്ണ, പിരിയൻ മുളക്, മല്ലി, കടല, ഉഴുന്ന്, പഞ്ചസാര , അരി എന്നിവയിൽ ഏതെങ്കിലും ഒരു സാധനം മാത്രമാണ് ഔട്ട്ലറ്റുകളിലുള്ളത്. വെള്ളിച്ചെണ്ണ മാത്രമാണ് ചില ഔട്ട്ലറ്റുകളിലുള്ളത്. പഞ്ചസാര മിക്കയിടത്തും ഇല്ല.
തോമസ്
'സാധനങ്ങൾ ആവശ്യപ്പെടുന്ന അളവിൽ ലഭിക്കുന്നില്ല. ലോഡ് എത്തുന്നത് കുറവാണ്. സബ്സിഡിയില്ലാതെ സാധനങ്ങൾ ലഭ്യമാകുന്നുണ്ട്.
സപ്ലൈകോ അധികൃതർ