r

പുതുവർഷത്തിന്റെ തുടക്കത്തിൽതന്നെ ലോക ഫുട്ബാളിന് രണ്ട് മഹാരഥന്മാരെയാണ് നഷ്ടമായിരിക്കുന്നത്. ബ്രസീലിയൻ ഫുട്ബാളിലെ മഹാമേരുവായി വാഴ്ത്തപ്പെടുന്ന മാരിയോ സഗാലോയേയും ജർമ്മൻ ഫുട്ബാൾ ലോകത്തിന് നൽകിയ മഹാപ്രതിഭകളിലൊരാളായ ഫ്രാൻസ് ബെക്കൻബോവറേയും. കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയെടുത്തവരെന്ന അപൂർവ്വതയാണ് ഇരുവരെയും ഒന്നിപ്പിച്ചത്. ആ നിരയിൽ ഇനി ഫ്രഞ്ചുകാരനായ ദിദിയെ ദെഷാംപ്സ് മാത്രമേ അവശേഷിക്കുന്നുള്ളൂ.

കളിക്കാലത്തിനപ്പുറം കാൽപ്പന്തിനെ നെഞ്ചോടുചേർത്തവരാണ് സഗാലോയും ബെക്കൻബോവറും. 1958ലെ ബ്രസീലിന്റെ ആദ്യ ലോകകപ്പ് നേട്ടത്തിനായി കളത്തിലിറങ്ങിയ സഗാലോ 62ലും ടീമിലുണ്ടായിരുന്നു. കളിക്കുപ്പായം അഴിച്ചുവച്ച 68ൽതന്നെ പരിശീലകനുമായി. തനിക്കൊപ്പം കളിച്ച പെലെയുൾപ്പെടുന്ന ടീമിനെ 1970ൽ ലോകകപ്പ് ജേതാക്കളാക്കി. 74 ലോകകപ്പിലും ബ്രസീലിന്റെ മുഖ്യകോച്ചായിരുന്നു. ഇടവേളയ്ക്ക് ശേഷം 1994ൽ കോച്ചിംഗ് കോ ഓർഡിനേറ്ററായി കാനറികളുടെ കനകകിരീ‌ടനേട്ടത്തിൽ പങ്കാളിയായി. 1998 ലോകകപ്പിൽ വീണ്ടും മുഖ്യപരിശീലകനായി. 2006ലും കോച്ചിംഗ് സംഘത്തിലുണ്ടായിരുന്നു. മരിക്കുമ്പോൾ 92 വയസായിരുന്നു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ബ്രസീലിയൻ ഫുട്ബാളിനായാണ് സഗാലോ പകുത്തുനൽകിയത്. അതുകൊണ്ടുതന്നെയാണ് ബ്രസീൽ നേടിയ അഞ്ചു ലോകകപ്പുകളിൽ നാലിലും സഗാലോ സ്പർശമുണ്ടായത്.

പെലെയുടെ കാലത്തുനിന്ന് മറഡോണയുടെ കാലത്തിലേക്കുള്ള ഫുട്ബാളിന്റെ പ്രയാണവേളയിലാണ് ഫ്രാൻസ് ബെക്കൻബോവർ എന്ന അസാദ്ധ്യ ഡിഫൻഡറുടെ കളിക്കാരനായുള്ള പരകായം. പിന്നീട് പരിശീലകനായും ഫുട്ബാൾ സംഘാടകനായും ബെക്കൻബോവർ നിറഞ്ഞുനിന്നു. കൈസർ എന്ന വിളിപ്പേരിനെ അന്വർത്ഥമാക്കുന്ന രീതിയിലാണ് താൻ ഇടപെട്ട ഇടങ്ങളിലൊക്കെ ബെക്കൻബോവറുടെ സ്പർശമുണ്ടായത്. 1974ൽ ഹോളണ്ടിനെ ഫൈനലിൽ തോൽപ്പിച്ച് ലോകകപ്പ് നേടിയ പശ്ചിമ ജർമ്മൻ ടീമിന്റെ നട്ടെല്ലായിരുന്നു ബെക്കൻ ബോവർ. 1984ൽ വിരമിച്ചതിന് ശേഷം ജർമ്മൻ കോച്ചായി. 86ലെ ലോകകപ്പ്ഫൈനലിൽ മറഡോണയുടെ അർജന്റീനയ്ക്ക് മുന്നിൽ കൈവിട്ടുപോയ കിരീടം നാലുവർഷത്തിന് ശേഷം അതേ എതിരാളികളിൽ നിന്ന് തിരിച്ചുപിടിച്ചു. പിന്നീട് ജർമ്മൻ ഫുട്ബാൾ ക്ളബ് ബയേൺ മ്യൂണിക്കിന്റെ പ്രസിഡന്റായും ജർമ്മൻ ഫുട്ബാൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റായുമൊക്കെ ബെക്കൻബോവർ സംഘാടനരംഗത്തേക്ക് മാറി. 2006ൽ ജർമ്മനിക്ക് ലോകകപ്പ് വേദി അനുവദിക്കപ്പെട്ടതിന് പിന്നിൽ ഇദ്ദേഹത്തിന്റെ അശ്രാന്തപരിശ്രമമുണ്ടായിരുന്നു. ആ ലോകകപ്പിന്റെ മുഖ്യസംഘാടകനും ബെക്കൻബോവറായിരുന്നു.

ഗോളടിക്കുന്നവരുടെയും ഗോളടിപ്പിക്കുന്നവരുടേയും കളി മാത്രമല്ല ഫുട്ബാളെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞവരുടെ മുൻനിരയിലാണ് ബെക്കൻബോവറിന് സ്ഥാനം. ഗോളടിപ്പിക്കാതിരിക്കുന്നതും ഒരു കലതന്നെയാണെന്ന് അദ്ദേഹം തെളിയിച്ചു. 1974 ലോകകപ്പിൽ ഒരു കളിപോലും തോൽക്കാതെ ടോട്ടൽ ഫുട്ബാളുമായി ഇരച്ചുകയറിവന്ന യൊഹാൻ ക്രൈഫിന്റെ ഓറഞ്ചുപടയെ ഫൈനലിൽ ബർലിൻ മതിലുപോലെ മുന്നിൽനിന്ന് തടുത്തത് ബെക്കൻബോവറായിരുന്നു. ഗോൾ മുഖത്തിനും മദ്ധ്യവരയ്ക്കുമി‌ടയിലുള്ള തന്റെ പ്രവിശ്യയിൽ എതിരാളിക്ക് പ്രവേശനമനുവദിക്കാത്ത ദ്വാരപാലകനായിബെക്കൻബോവർ നിലകൊണ്ടു. തന്റെ മെയ്‌വഴക്കവും ശാരീരിക മികവും കൊണ്ട് അക്കാലത്തെ മികച്ച ഫോർവേഡുകൾക്കുപോലും തുറക്കാൻ കഴിയാത്തൊരു താഴായി മാറി. പിൽക്കാലത്ത് സ്വീപ്പർ ബാക്ക് എന്ന വിളിപ്പേരിൽ അറിയപ്പെട്ട ഡിഫൻഡിംഗ് സ്കില്ലിന്റെ ആദ്യകാലവക്താവായിരുന്നു അദ്ദേഹം.

മികച്ച കളിക്കാരനുള്ള ബാലൺ ഡിയോർ പുരസ്കാരം നേടുന്ന ആദ്യ ഡിഫൻഡറാണ് ബെക്കൻബോവർ. ഈ പുരസ്കാരം രണ്ടുതവണ സ്വന്തമാക്കിയിട്ടുള്ള ഏക ഡിഫൻഡറും അദ്ദേഹമാണ്. 1972ലും 76ലുമായിരുന്നു ബെക്കൻ ബോവറിന്റെ ബാലൺ ഡിയോർ നേട്ടങ്ങൾ. 1984ൽ ഫിഫയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഒഫ് മെരിറ്റും ലഭിച്ചു.

മാരിയോ സഗാലോയുടേയും ഫ്രാൻസ് ബെക്കൻ ബോവറിന്റെയും ഭൗതിക സാന്നിദ്ധ്യത്തെ മാത്രമാണ് കാലത്തിന് കവരാനായത്. ഇരുവരുടെയും പ്രതിഭയുടെ പ്രൗഢപാരമ്പര്യം ഫുട്ബാളിൽ കെടാതെ ജ്വലിക്കുകതന്നെ ചെയ്യും.