
ലക്‌നൗ: മുറിയിൽ ഉറങ്ങിക്കിടന്ന അഞ്ചുകുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ വീട്ടിലായിരുന്നു ദുരന്തം. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി.റഹീസുദ്ദീൻ എന്നയാളുടെ മൂന്ന് കുട്ടികളും ഇയാളുടെ ബന്ധുവിന്റെ രണ്ട് കുട്ടികളുമാണ് മരിച്ചത്. റഹീസുദ്ദീന്റെ ഭാര്യയും സഹോദരിയുമാണ് ഗുരുതരാവസ്ഥയിലുള്ളത്.
അടച്ചിട്ട മുറിക്കുള്ളിൽ കത്തിച്ചുവച്ചിരുന്ന കൽക്കരി അടുപ്പിലെ പുക ശ്വസിച്ചതാണ് ദുരന്തത്തിനിടയാക്കിയത്. മുറിയിൽ ഓക്സിജൻ കുറഞ്ഞതും ദുരന്തത്തിന്റെ ആക്കംകൂട്ടി. തിങ്കളാഴ്ച രാത്രിയോടെ ഒരുമുറിയിൽ ഉറങ്ങാൻപോയ ഏഴുപേർ പിറ്റേന്ന് വൈകുന്നേരമായിട്ടും വാതിൽ തുറക്കാതായതോടെ അയൽവാസികൾക്ക് സംശയമായി. തുടർന്ന് ബലംപ്രയോഗിച്ച് വാതിൽ തുറന്നതോടെയാണ് ഏഴുപേരെയും അവശനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുപേരും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക, ദുരന്തം തൊട്ടരികത്തുണ്ട്
അടച്ചിട്ട മുറിക്കുള്ളിൽ തീ കായാനും മറ്റും അടുപ്പുകൾ ഉപയോഗിക്കുന്നത് ദുരന്തത്തിനിടയാക്കിയേക്കും. വാതിലും ജനാലയും അടച്ചിട്ടിരിക്കുന്നതിനാൽ കൂടുതൽ ശുദ്ധവായു മുറിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നു. ഇതിനൊപ്പം ആരോഗ്യത്തിന് ഹാനികരമായ കാർബൺ ഡൈ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് മുതലായവ അടുപ്പ് കത്തിക്കുന്നതിലൂടെ ഉണ്ടാവുകയും ചെയ്യും. ദീർഘനേരം ഇത് ശ്വസിക്കുന്നതും ശുദ്ധവായുവിന്റെ അഭാവവും മരണത്തിന് കാരണമവാം.
ചെങ്കല്‍പ്പേട്ട് ഗുഡുവഞ്ചേരിയില്‍ അടച്ചിട്ട മുറിയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചിരുന്നു. വീട്ടുടമ ഗിരിജ, സഹോദരി രാധ, ബന്ധു രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്. ഫ്രിഡ്ജില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് മൂന്നുപേരും മരിച്ചത്.