
2014ൽ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഗായത്രി സുരേഷ് സിനിമാ രംഗത്തേക്കെത്തുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌ന പ്യാരി ആണ് ആദ്യ ചിത്രം. ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഗായത്രി ഏറെ ശ്രദ്ധ നേടിയത് ട്രോളുകളിലൂടെയാണ്. അഭിമുഖങ്ങളിൽ ഗായത്രി നൽകുന്ന ഉത്തരങ്ങളാണ് ഇതിന് കാരണം. പ്രണവ് മോഹൻലാലിനോട് തനിക്കുള്ള പ്രണയത്തെ കുറിച്ച് ഗായത്രി നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തിലും പ്രണവിനെ കുറിച്ച് സംസാരിക്കുകയാണ് താരം.
'മുമ്പ് എന്റെ ഫോണിലെ വാൾപേപ്പർ പ്രണവ് മോഹൻലാൽ ആയിരുന്നു. എന്നാൽ, ഇപ്പോൾ പ്രണവല്ല. ഒരു എലിജിബിൾ ബാച്ചിലറെന്ന നിലയിൽ എനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമാണ്. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോട് ഭയങ്കര ആരാധനയാണ്. വളരെ സിനിമാറ്റിക് ആൻഡ് ഡ്രാമാറ്റിക്കായിട്ടുള്ള ആളാണ് ഞാൻ. അന്ന് സെലിബ്രിറ്റി ക്രഷ് ആരെന്ന് ചോദിച്ചപ്പോൾ പ്രണവ് മോഹൻലാലിന്റെ പേര് പറഞ്ഞാൽ മാത്രം മതിയായിരുന്നു. പക്ഷേ, ഞാൻ പറഞ്ഞത് എന്റെ മനസിൽ ഒറ്റയാളേയുള്ളു അത് പ്രണവ് മോഹൻലാൽ ആണ് എന്നാണ്. അത് വൈറലായി. പിന്നീടുള്ള പല അഭിമുഖങ്ങളിലും ഇതേക്കുറിച്ച് ചോദ്യങ്ങൾ വന്നു. അതിനെല്ലാം ഞാൻ മറുപടി പറഞ്ഞുകൊണ്ടേയിരുന്നു. അതാണ് ട്രോളുകൾ കൂടിയത്.'- ഗായത്രി പറഞ്ഞു.
'ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഞാൻ പ്രണവിനെ കാണാനായി പോയിരുന്നു. എല്ലാവരും പറയുന്നു പ്രണവ് എക്സ്ട്രോവെർട്ട് ആണെന്ന്. പക്ഷേ എനിക്ക് അങ്ങനെ തോന്നിയില്ല. ഞാൻ പോയി പ്രണവിനെ കണ്ടു. ഞാൻ ഗായത്രി. താങ്കളെ കാണാൻ വേണ്ടി മാത്രം വന്നതാണെന്ന് പറഞ്ഞപ്പോൾ ഹാൻഡ് ഷേക്ക് തന്നു. അപ്പോഴേക്കും ഷോട്ടിന്റെ സമയമായി അദ്ദേഹം പോയി. അത്രയേ ഉണ്ടായുള്ളൂ. മുമ്പ് ട്രോളുകളോട് ഞാൻ ഭയങ്കരമായി റിയാക്‌ട് ചെയ്യുമായിരുന്നു. ഞാൻ എന്നിൽ കാണാത്ത പൊട്ടൻഷ്യൽ മറ്റുള്ളവർ കണ്ടതുകൊണ്ടാകാം അവരെന്നെ ട്രോൾ ചെയ്യുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഇതല്ല ഗായത്രി സുരേഷ്, ഞങ്ങൾക്ക് നിങ്ങളെ അറിയാം, ഇംപ്രൂവ് ചെയ്യൂ എന്ന് പറയുമ്പോലെയാണ് എനിക്കിപ്പോൾ തോന്നുന്നത്. ട്രോൾ ചെയ്തിട്ടെങ്കിലും ഈ കുട്ടിയൊന്ന് നന്നാകട്ടെ എന്നാണ്. എല്ലാ ട്രോളുകളോടും എനിക്ക് നന്ദി മാത്രമെ ഉള്ളൂ.'- ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.