
ചണ്ഡീഗഡ്: ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് യുവതി കുഞ്ഞിന് ജന്മം നൽകിയത് പച്ചക്കറി വിൽക്കുന്ന വണ്ടിയിൽ. ഹരിയാനയിലെ അംമ്പാല ജില്ലാ ആശുപത്രിയുടെ സമീപത്ത് കഴിഞ്ഞ ദിവസമായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്.
പഞ്ചാബിലെ മൊഹാലി സ്വദേശിനിയായ യുവതിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെട്ടതോടെ ഭർത്താവ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിക്കുളളിലേക്ക് പ്രവേശിപ്പിക്കുന്നതിനായി ഭർത്താവ് ഡോക്ടറിനോടും നഴ്സിനോടും സ്ട്രെച്ചർ ആവശ്യപ്പെട്ടു. എന്നാൽ ഡോക്ടറും നഴ്സും സ്ട്രെച്ചർ നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇതിനിടെയാണ് യുവതി അടുത്ത് നിർത്തിയിട്ടിരുന്ന പച്ചക്കറി വണ്ടിയിൽ പ്രസവിച്ചത്.
'ദൈവമാണ് എന്റെ ഭാര്യയെയും കുഞ്ഞിനെയും രക്ഷിച്ചത്. ഡോക്ടറും നഴ്സുമാണ് ദൈവമെന്നായിരുന്നു ഞാൻ ആദ്യം വിശ്വസിച്ചിരുന്നത്. എന്നാൽ എന്റെ വിശ്വാസം ഇതോടെ തകർന്നു' യുവതിയുടെ ഭർത്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. യുവതി പ്രസവിച്ച വിഷയം മാദ്ധ്യമങ്ങളിലടക്കം പുറത്തുവന്നതോടെ ആശുപത്രി അധികൃതർ അമ്മയെയും കുഞ്ഞിനെയും വാർഡിലേക്ക് മാറ്റുകയായിരുന്നു.
വിഷയത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി അനിൽ വിജ് രംഗത്തെത്തി. യുവതി ആശുപത്രിക്ക് പുറത്ത് പ്രസവിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 'സംസ്ഥാനത്തെ സർക്കാർ അശുപത്രികളിൽ സൗജന്യമായി അംബുലൻസ് സേവനം ഉറപ്പാക്കിയിട്ടുളളതാണ്. ഈ വിഷയത്തിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുന്നതാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും പരിശോധന നടത്തുമെന്നും ഡോക്ടറിനും നഴ്സിനും വീഴ്ചപ്പറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ സംഗീത സിംഗ്ല അറിയിച്ചു.