unni-mukundan-

തിരുവനന്തപുരം: തങ്ങൾക്ക് ബാലികേറാമലയായ കേരളത്തിൽ നിന്ന് പരമാവധി ലോക്‌സഭാ സീറ്റുകൾ നേടിയെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി. ഇത് മുന്നിൽക്കണ്ടുള്ള സ്ഥാനാർത്ഥി പട്ടികയായിരിക്കും പാർട്ടി മുന്നോട്ടുവയ്ക്കുക. അപ്രതീക്ഷിത പ്രമുഖർ ഉൾപ്പെടുന്ന പട്ടിക ഈ മാസത്തോടെ തന്നെ പുറത്തുവിട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ.ഏതൊക്കെ മണ്ഡലങ്ങളിൽ ആരൊക്കെ സ്ഥാനാർത്ഥികൾ ആവണം എന്നതിനെക്കുറിച്ച് പാർട്ടി തീരുമാനത്തിലെത്തിയിട്ടുണ്ടെന്നും അവർ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

ഏറെ വിജയസാദ്ധ്യത കൽപ്പിക്കുന്ന തൃശൂരിൽ നടൻ സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പുതന്നെ കളത്തിലിറക്കി ബിജെപി വൻ മേൽകൈയാണ് നേടിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ വിജയം ഉറപ്പിക്കാൻ പ്രധാനമന്ത്രി മോദി കഴിഞ്ഞയാഴ്ച തൃശൂരിൽ എത്തുകയും ചെയ്തു. പാർട്ടിയുടെ ശക്തി വിളിച്ചറിയിക്കാൻ സംഘടിപ്പിച്ച സ്ത്രീശക്തി സംഗമം വൻ വിജയമാവുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ലഭിച്ച മുൻ തൂക്കം പരമാവധി മുതലാക്കിയാൽ കൂടുതൽ സീറ്റുകളിൽ വിജയം അനായാസമാണെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. അടുത്തുതന്നെ മോദി വീണ്ടും കേരളത്തിൽ എത്തുന്നുണ്ട്.

പത്തനംതിട്ടയിൽ നടൻ ഉണ്ണിമുകുന്ദനായിരിക്കും ബിജെപി സ്ഥാനാർത്ഥി എന്നാണ് റിപ്പോർട്ട്. മാളികപ്പുറം എന്ന സിനിമയിലൂടെ കരിയർ ബ്രേക്ക് ലഭിച്ച ഉണ്ണിമുകുന്ദനെ സ്ഥാനാർത്ഥിയാക്കുന്നത് വിശ്വാസികളുടെ വോട്ട് കിട്ടാൻ സഹായിക്കും എന്നാണ് വിലയിരുത്തുന്നത്. ബിജെപിയോട് പരസ്യമായ ആഭിമുഖ്യവും ഉണ്ണിമുകന്ദൻ പുലർത്തുന്നുണ്ട്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അദ്ദേഹവുമായി പാർട്ട‌ികേന്ദ്രങ്ങൾ ഇതിനകം ആശയവിനിമയം നടത്തിയിട്ടുണ്ടത്രേ.

കുമ്മനം രാജശേഖരന്റെയും പിസി ജോർജിന്റെയും പേരും ഇവിടെ ഉയർന്നുകേൾക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി പത്തനംതിട്ട കേന്ദ്രീകരിച്ചാണ് കുമ്മനം പ്രവർത്തിക്കുന്നത്. എന്നാൽ ഇവരെക്കാളേറെ വിജയസാദ്ധ്യത ഉണ്ണിമുകുന്ദനാണെന്നാണ് ചില പ്രവർത്തകർ പറയുന്നത്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെ നിറുത്തിയാൽ തിരുവനന്തപുരവും കൂടെപ്പോരുമെന്നാണ് പാർട്ടികരുതുന്നത്. വിദേശകാര്യമന്ത്രി ജയ്‌‌ശങ്കർ മത്സരിച്ചാലും വിജയം ഉറപ്പാണെന്നാണ് കണക്കുകൂട്ടൽ. ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്ന ആറ്റിങ്ങലിൽ വി മുരളീധരനായിരിക്കും സ്ഥാനാർത്ഥി എന്ന് ഇതിനകം തന്നെ ഏറക്കുറെ വ്യക്തമായിട്ടുണ്ട്.