
മഹാനടൻ എന്നതിലുപരി വലിയൊരു മനുഷ്യസ്‌നേഹി കൂടിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. രോഗവും മറ്റും മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരുടെ ജീവിതത്തിൽ അദ്ദേഹം വെളിച്ചമായി. പബ്ലിസിറ്റിയൊന്നുമില്ലാതെ പുറംലോകത്തെ അറിയിക്കാതെയാണ് അദ്ദേഹം മിക്കവരെയും സഹായിക്കുന്നത്.
അത്തരത്തിൽ മെഗാസ്റ്റാർ സഹായിച്ചയൊരാളാണ് ശ്രീജ എന്ന സ്ത്രീ. ശ്രീജയ്ക്ക് കണ്ണിന് കാഴ്ചയില്ല. ഇവരുടെ ദുരിത ജീവിതത്തെക്കുറിച്ചറിഞ്ഞതോടെ സഹായവുമായി അദ്ദേഹമെത്തുകയായിരുന്നു. പത്താനാപുരത്തെ ഗാന്ധിഭവനിലാണ് ശ്രീജയിപ്പോൾ താമസിക്കുന്നത്.
ശ്രീജ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'മമ്മൂട്ടി സാറിന് വേണ്ടി ഒരുപാട് പ്രാർത്ഥിക്കുന്നു. സാറ് കാരണമാണ് എനിക്കിവിടെ വരാൻ സാധിച്ചത്. സാർ തന്ന ഈ ജീവിതത്തിന് ഒരുപാട് നന്ദിയുണ്ട്. കാരണം മരണത്തിനടുത്ത് പോയ എന്റെ ജീവിതത്തെ കൈപിടിച്ചുയർത്തി തന്ന എന്റെ മമ്മൂട്ടി സാറിന് ഒരുപാട്... സാർ എന്റെ അച്ഛനാണോ, എന്റെ സ്വന്തം ചേട്ടനാണോ ദൈവമാണോയെന്ന് പോലും എനിക്കറിയാൻ പാടില്ല. അത്രയ്ക്ക് പുണ്യമാണ് ചെയ്തത്. കാരണം രണ്ട് കണ്ണിനും കാഴ്ചയില്ല, എണീറ്റ് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ എനിക്ക് ഇത്രയും വലിയ സഹായം ചെയ്തുതന്ന മമ്മൂട്ടി സാറിനോട് ഒരുപാടൊരുപാട് നന്ദിയുണ്ട്. ഈ നിമിഷം ഞാൻ ഈ തറയിലേക്ക് വീണ് മരിച്ചുകഴിഞ്ഞാൽ ബാക്കിയുള്ള ആയുസ് മമ്മൂട്ടി സാറിന് വേണ്ടി കൊടുക്കണേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. കാരണം എന്നെപ്പോലുള്ള ഒത്തിരി പാവപ്പെട്ടവർക്ക് വേണ്ടി സാർ ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങളെപ്പോലുള്ളവർക്ക് സഹായങ്ങൾ ചെയ്യാൻ സാറിന് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ കൊടുക്കട്ടെയെന്ന് പ്രാർത്ഥിക്കുകയാണ്.'-ശ്രീജ പറഞ്ഞു.