argentina-team

തിരുവനന്തപുരം: കേരളത്തിൽ കളിക്കാൻ അർജന്റീന ടീം തയാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അതിനുള്ള ചെലവ് കണ്ടെത്തുക ശ്രമകരമാണെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീന ടീം ജൂലായിലാണ് കേരളത്തിൽ വരാൻ തയ്യാറാണെന്ന് അറിയിച്ചത്. 'ഫുട്ബോൾ പ്രേമികളുടെ സ്വപ്നം സഫലമാക്കാൻ ശ്രമിക്കുന്നുണ്ട്. സർക്കാരിന് ബാദ്ധ്യതയില്ലാതെ ചെലവ് കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. ജൂലായ് മഴ സീസണായതിനാൽ തീയതി മാറ്റുന്നതിനും ശ്രമിക്കുന്നുണ്ട്.' മന്ത്രി അറിയിച്ചു.

കേരളത്തിൽ കളിക്കാൻ വരാൻ അർജന്റീന ടീം തയ്യാറാണെന്ന് വി വി അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇതേക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) കേരള ഫുട്ബോൾ അസോസിയേഷനും അറിയിച്ചു. സംസ്ഥാന സർക്കാർ ക്ഷണിച്ചതും അർജന്റീന ഫുട്ബോൾ ഫെഡറേഷൻ താൽപര്യം പ്രകടിപ്പിച്ചതും അറിഞ്ഞിട്ടില്ലെന്ന് എഐഎഫ്എഫ് ആക്ടിംഗ് സെക്രട്ടറി ജനറൽ സത്യനാരായണൻ പറഞ്ഞു.

ഫിഫ റാങ്കിഗിലുള്ള ടീമുകൾ രാജ്യത്ത് കളിക്കണമെങ്കിൽ സംസ്ഥാന സർക്കാർ സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ വഴി എഐഎഫ്എഫിനെ അറിയിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ നീക്കം സ്വാഗതം ചെയ്യുന്നെന്നും അറിയിപ്പ് ലഭിച്ചാൽ വേണ്ട സഹകരണം ഉറപ്പാക്കുമെന്നും എഐഎഫ്എഫ് അധികൃതർ പറഞ്ഞു.

ഇന്ത്യയിൽ കളിക്കാൻ അർജന്റീന ടീം താൽപര്യപ്പെട്ടുവെന്നും സ്പോൺസർഷിപ്പ് തുകയായി ചോദിച്ച 40കോടി ഇല്ലാത്തതിനാൽ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ക്ഷണം ഉപക്ഷിച്ചുവെന്നു റിപ്പോർട്ട് വന്നിരുന്നു. തുടർന്നാണ് അർജന്റീന ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് വി അബ്ദുറഹ്മാൻ അർജന്റീന ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചത്. മന്ത്രി തന്നെ ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചിരുന്നു. അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുമെന്നും മത്സരം നടത്താൻ തയ്യാറാകുമെന്നും മന്ത്രി കുറിപ്പിൽ വ്യക്തമാക്കി.