excise

പത്തനംതിട്ട: മദ്യപാനം പ്രോത്സാഹിപ്പിച്ച് സ്ഥിരമായി ഇൻസ്റ്റാഗ്രാമിൽ വീഡിയോകൾ പോസ്റ്റു ചെയ്തിരുന്നയാൾ തിരുവല്ലയിൽ അറസ്റ്റിലായി. 'മല്ലു കുടിയൻ' എന്ന് പേരുള്ള ഇൻസ്റ്റാ പ്രൊഫൈൽ ഉടമയെയാണ് തിരുവല്ല സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം റേഞ്ച് ഇൻസ്‌പെക്ടർ പ്രസന്നൻ ജി യും സംഘവും പിടികൂടിയത്. എക്സൈസ് സൈബർ സെല്ലിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേരള അബ്‌കാരി നിയമം സെക്ഷൻ 55 (H) പ്രകാരമാണ് തിരുവല്ല പെരിങ്ങര സ്വദേശി അഭിജിത്ത് അനിൽ (23)എന്നയാൾക്കെതിരെ കേസ് എടുത്തത്.

മറ്റൊരു സംഭവത്തിൽ കൊച്ചി മട്ടാഞ്ചേരിയിൽ 1.3 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എ.എസ് ജയന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബീച്ച് റോഡ് സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ജേക്കബ് സ്റ്റാൻലി പിടിയിലായി. വാടക വീട് കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.പ്രിവന്റീവ് ഓഫീസർ കെ.കെ അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ് റൂബൻ, റിയാസ്. കെ.എസ്, വനിതാ സി.ഇ.ഒ കനക എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.