
തിരുവനനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിലെ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ചൊവ്വാഴ്ച വെളുപ്പിന് അടൂരിലെ വീട് വളഞ്ഞ് കൊടുംക്രിമിനൽ എന്ന മട്ടിൽ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും സമരവീര്യം ഉണർത്തി. സർക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിലുമായി.
നടക്കാൻപോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പോർ മുഖത്ത് യൂത്ത് കോൺഗ്രസിനെയും പ്രസിഡന്റ് രാഹുലിനെയും പ്രതിഷ്ഠിക്കാൻ അറസ്റ്റും ജയിൽവാസവും വഴിതുറന്നു.നവ കേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളോടെ ആലസ്യത്തിൽ നിന്ന് ഉണർന്ന കോൺഗ്രസിനും യൂത്ത് കോൺഗ്രസ് നേതാക്കൾക്കും അണികൾക്കും മാത്രമല്ല,മുന്നണിക്കാകെയും വർദ്ധിത വീര്യം പകരുന്നതായി സംഭവം.
യൂത്ത് കോൺഗ്രസ് ഡിസംബർ 20ന് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ അക്രമത്തിന് നേതൃത്വം കൊടുത്തെന്നും പൊതുമുതൽ നശിപ്പിച്ചെന്നും ആരോപിച്ചുള്ള കേസിലെ നാലാം പ്രതിയാണ് രാഹുൽ. മറ്റുചില പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ചയും രാഹുൽ തലസ്ഥാനത്തുണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ്, പിറ്റേന്ന് വീട് വളഞ്ഞ് 'ഭീകരവാദി"യെപ്പോലെ പിടികൂടിയതാണ് വിവാദത്തിനും സംഘർഷത്തിനുമിടയാക്കിയത്.
രാഹുലിലൂടെ പുതിയ സമരമുഖം
സംഘടനാ തിരഞ്ഞെടുപ്പിലെ ഗ്രൂപ്പ് തർക്കങ്ങളും നേതാക്കളുടെ താൻപോരിമയും നിമിത്തം നിർജീവാവസ്ഥയിലായിരുന്ന കോൺഗ്രസിനെ സർക്കാരിനെതിരായ പ്രക്ഷോഭങ്ങളിൽ സജീവമാക്കിയത് അണികളുടെ സമ്മർദ്ദമാണ്. അതിന് തുടക്കമായത് പാർട്ടി നിർദ്ദേശത്തിന് കാത്തു നിൽക്കാതെ, നവ കേരള ബസിന് നേരെ യൂത്ത് കോൺഗ്രസുകാർ ഒറ്റ തിരിഞ്ഞ് നടത്തിയ കരിങ്കൊടി പ്രതിഷേധങ്ങളും. പൊലീസും ഡി.വൈ.എഫ്.ഐക്കാരും മുഖ്യമന്ത്രിയുടെ ഗൺമാനും അവരെ കായികമായി നേരിട്ടതോടെ, കോൺഗ്രസ് നേതാക്കൾക്ക് പ്രസ്താവനാ രാഷ്ട്രീയത്തിൽ ഒതുങ്ങിനിൽക്കാൻ കഴിയാതായി. തുടർന്നാണ് തിരുവനന്തപുരത്തെ സമാപനം വരെ നവ കേരള ബസിന് നേരേ പ്രതിഷേധത്തിന് പാർട്ടി നേതൃത്വം കൊടുത്തത്. നവ കേരള യാത്ര തീർന്നതോടെ സമരവും തീർന്നു. കെ. സുധാകരനും വി.ഡി. സതീശനും നയിക്കുന്ന 'സമരാഗ്നി" യാത്ര ഫെബ്രുവരിയിലേക്ക് മാറ്റിയതോടെ കോൺഗ്രസിന്റെ സമരത്തിന് വലിയൊരു ഇടവേളയായി. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റോടെ പുതിയ സമരമുഖം തുറന്നുകിട്ടുകയായിരുന്നു.