
പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാരം ദ്വീപ് സന്ദർശിച്ച ചിത്രങ്ങൾ ലോകശ്രദ്ധ നേടുകയുണ്ടായി. ലക്ഷദ്വീപിലെ ടൂറിസം സാദ്ധ്യതകളെക്കുറിച്ചു
ദ്വീപ് സ്വദേശിനിയും ചലച്ചിത്ര സംവിധായികയുമായ ഐഷ സുൽത്താന എഴുതുന്നു
ഇന്ന് രാജ്യത്തും ലോകത്തും ഒരുപോലെ ചർച്ചയായിരിക്കുന്ന സ്ഥലമാണ് ലക്ഷദ്വീപ്. യഥാർതഥത്തിൽ മാലദ്വീപും ലക്ഷദ്വീപും തമ്മിൽ താരതമ്യം ചെയ്യേണ്ട ഒരു ആവശ്യവുമില്ല. കാരണം മാലദ്വീപിനെക്കാൾ എത്രയോ മടങ്ങ് പ്രകൃതിയാൽ അനുഗ്രഹീതമായ സ്ഥലമാണ് ലക്ഷദ്വീപ്. അതുകൊണ്ട് തന്നെ അതിന്റെ ഭംഗി വേറെ ഒരിടിത്തും ഉണ്ടാവില്ല. അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ചെയ്യുന്ന ലക്ഷദ്വീപിന് വെറെ ഭൂമിശാസ്ത്രമാണുള്ളത്. ഒരരർത്ഥത്തിൽ പറഞ്ഞാൽ ലോകത്ത് കടലിന്റെ ഭംഗി ഏറ്റവും കൂടുതൽ ആസ്വദിക്കാൻ കഴിയുന്നതും ലക്ഷദ്വീപിലാണ്. അത് ലക്ഷദ്വീപ് സന്ദർശിച്ച ഏത് ഒരാൾക്കും നിസംശയം പറയാൻ സാദ്ധിക്കും. അങ്ങനെയുള്ള ലക്ഷദ്വീപിലേക്കാണ് ടൂറിസത്തിന്റെ പുതിയ സാദ്ധ്യതകൾ വഴിതുറക്കുന്നത്.
എന്താണ് മാലിയിൽ ഉള്ളത്
മാലിയിൽ എന്താണ് ഉള്ളത് ? ലക്ഷദ്വീപിലുള്ള ഒന്നും തന്നെ മാലിയിൽ ഇല്ല. അവിടെ ഉള്ളത് കുറെ ആഡംബര റിസോർട്ടുകളാണ്. ടൂറിസത്തിന് വേണ്ട മൂല്യം അവിടെ ഇതുവരെ കാണാൻ സാധിക്കില്ല.
എന്നാൽ ലക്ഷദ്വീപിൽ കാണാൻ നിരവധി സ്ഥലങ്ങൾ തന്നെയുണ്ട്. അവിടെ വരുന്ന ഒരു ടൂറിസ്റ്റിനെയും നിരാശരാക്കാതെ. അവരെ വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന ഒന്നായി അത് മാറുന്ന കാഴ്ചയാണുള്ളത്. പ്രത്യേകിച്ച് ജനങ്ങളിൽ നിന്ന് ലഭിക്കുന്ന സഹരണവും ഒരു ടൂറിസ്റ്റിനെ വീണ്ടും ഇവിടേക്ക് കൊണ്ടുവരുന്നു.
സാദ്ധ്യതകളേറെ
ലക്ഷദ്വീപിൽ ഇപ്പോൾ നേരിടുന്ന ഒരു പ്രശ്നം യാത്രസൗകര്യത്തിന്റേതാണ്. ടൂറിസം മെച്ചപ്പെടുമ്പോൾ സ്വാഭാവികമായും ആ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. അതിന്റെ നേട്ടം ടൂറിസത്തിനു മത്രമല്ല ജനത്തിനും അണ്. ഇപ്പോൾ മിനിക്കോയിയിൽ ഒരു വിമാനത്താവളം വരുന്നുവെന്നത് വളരെ നല്ല കാര്യമാണ്. അഗത്തിയിൽ മാത്രമാണ് വിമാനത്താവളം ഉള്ളത്. ചെറിയ വിമാനത്താവളമാണത്. ഒരുപാട് യാത്രക്കാരെ ഉൾക്കൊള്ളാനാവില്ല.
ടൂറിസത്തിലൂടെ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ വരുമാനം നേടാൻ പറ്റുന്ന നാടായി ലക്ഷദ്വീപ് മാറാൻ പോവുകയാണ്. ലക്ഷദ്വീപിലുള്ളവർക്കും പുറത്തുമുള്ളവർക്കും പ്രയോജനകരമാവുകയും ചെയ്യും. അതുപോലെ തന്നെ എന്നെ പോലെ സിനിമ മേഖലയിലുള്ളവർക്കും വലിയ രീതിയിലുള്ള നേട്ടങ്ങൾ ലഭിക്കും. വളരെ കുറഞ്ഞ ചെലവിൽ ഷൂട്ടിംഗ് നടത്താനും സാധിക്കും. അതിലൂടെ
ഈ മനോഹരമായ ദ്വീപിന്റെ ഓരോ കാഴ്ചകളും ഒപ്പിയെടുക്കാനും സാധിക്കും. അങ്ങനെ വരുമ്പോൾ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് ആകർഷിക്കപ്പെടും.
ബംഗാരം പോലെ
36 ദ്വീപുകളുള്ള ലക്ഷദ്വീപിൽ ആകെ 10 ദ്വീപിൽ മാത്രമാണ് ആൾതാമസമുള്ളത്. എന്നാൽ ആൾതാമസമില്ലാത്ത ബാക്കി ദ്വീപുകൾ ശൂന്യമായി കിടക്കുകയാണ്. അവയോരോന്നും ഭംഗിയുള്ള ദ്വീപുകളാണ്. കൽപ്പിട്ടി, തിണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി(പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി(സബ് മെർജ്ട്) എന്നിവയാണ്. ഈ ദ്വീപികളിലേക്കാണ് നല്ല നല്ല റിസോർട്ടുകളും സൗകര്യങ്ങളും കൊണ്ടു വരേണ്ടത്. ഇവയെല്ലാം ടൂറിസത്തെ വളരെയധികം സഹായിക്കുന്ന സ്ഥലങ്ങളാണ്.
ഇന്ന് ലോകമാകെ ചർച്ച ചെയ്യപ്പെടുന്ന ദ്വീപാണ് ബംഗാരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ദ്വീപിലിരിക്കുന്ന ഫോട്ടകളാണ് ലോകമുഴുവൻ കണ്ടതും ആസ്വദിച്ചതും. ഇവിടെ തദ്ദേശീയ ജനവാസം ഇല്ല. ടൂറിസത്തിന് വേണ്ടി മാത്രം മാറ്റി വച്ച സ്ഥലമാണിത്. മികച്ച സൗകര്യങ്ങളുണ്ട്. ഇവിടെ ബോട്ടിംഗും, സ്കൂബ ഡൈവിംഗ്, ഫിഷിംഗ് തുടങ്ങിയ വിനോദങ്ങൾ ഉണ്ട്.
ബംഗാരം പോലെ മറ്റ് ആൾതാമസമില്ലാത്ത ദ്വീപുകൾ കൂടി മാറ്റിയാൽ ടൂറിസം സാദ്ധ്യതകൾ വലിയതോതിൽ വർദ്ധിക്കും.
എന്തുകൊണ്ട് ആൾതാമസം
ഇല്ലാത്ത ദ്വീപ്
ആൾ താമസം ഇല്ലാത്ത ദ്വീപുകൾ ടൂറസത്തിന് എടുക്കണമെന്ന് പറയുന്നതിന്റെ കാരണം, ലക്ഷദ്വീപിൽ ഒരുപരിധിവരെ മാത്രമെ ആളുകളെ താമസിപ്പിക്കാൻ കഴിയുകയുള്ളുവെന്നതാണ്. അതിനൊരു കണക്കുണ്ട്. അധികമായാൽ പ്രയാസമാകും. അതായത് വേസ്റ്റ് ഡെപ്പോസിറ്റ് ചെയ്യുന്നതിനെയും വെള്ളത്തിനെയുമാണ് പ്രധാനമായും ബാധിക്കുന്നത്. അത് ടൂറിസത്തിന് തന്നെ കൂടതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതാണ് ആൾതാമസമില്ലാത്ത ദ്വീപുകളിൽ ടൂറിസം വികസിപ്പിക്കണമെന്ന് പറയുന്നത്. എല്ലാ ദ്വീപുകളും അടുത്തടുത്ത് ആയതിനാൽ മറ്റു പ്രശ്നങ്ങളില്ല.
നിലവിൽ ആൾ താമസമുള്ള സ്ഥലങ്ങളിൽ ഹോം സ്റ്റേകൾ ഉണ്ടെങ്കിലും കൂടുതൽ ആളുകളെ ഉൾക്കൊള്ളാനാവില്ല.
മെച്ചപ്പെടേണ്ടത്
ഇന്ന് ലക്ഷദ്വീപിൽ ജനങ്ങൾ ഏ റ്റവും കൂടുതൽ ആവശ്യപ്പെടുന്നത് ഒരു ആശുപത്രിയാണ്. ഇതിന് വേണ്ടി സമരങ്ങളും നടന്നതാണ്. എന്നാൽ, അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു സഹായവും കിട്ടിയിട്ടില്ല. ആ പ്രശ്നംകൂടി പരിഹരിച്ചാൽ ഇവിടുത്തെ ജനങ്ങൾക്കും ടൂറിസ്റ്റുകൾക്കുമൊക്കെ പ്രയോജന പ്രദമാകും. ദ്വീപിലെ ജനങ്ങളുടെ സമ്പാദ്യത്തിന്റെ പകുതിയും കേരളത്തിലെ ഹോസ്പിറ്റലുകളിലാണ് ചെലവഴിക്കുന്നത്.